പ്രതിപക്ഷത്തിനു പ്രതിഷേധം, മുഖ്യമന്ത്രിക്കു ‘ശുഭപ്രതീക്ഷ’
Tuesday, October 15, 2024 1:29 AM IST
സാബു ജോണ്
തിരുവനന്തപുരം: അടിയന്തരപ്രമേയം എന്ന വാക്കു കേട്ടാൽ മുഖ്യമന്ത്രി പിണറായി വിജയൻ ചാടിയെണീറ്റ് സമ്മതം എന്നു പറയും. ഇന്നലെ വയനാടിന്റെ കാര്യവുമായി ടി. സിദ്ദിഖ് വന്നപ്പോഴും മുഖ്യമന്ത്രിക്കു നൂറു സമ്മതം.ഇക്കാര്യത്തിൽ ഏറ്റുമുട്ടിലിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദ്യമേ വ്യക്തമാക്കി.
സർക്കാരിന്റെ വീഴ്ചകൾ കണ്ടുപിടിക്കാൻ മൈക്രോസ്കോപ്പുമായി തങ്ങൾ നടക്കുന്നില്ലെന്നു സതീശൻ പറഞ്ഞു. അക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ അഭിനന്ദിക്കുകയും ചെയ്തു.
കേന്ദ്രം അടിയന്തരസഹായം അനുവദിക്കാത്തതിൽ പ്രതിപക്ഷത്തിനായിരുന്നു കൂടുതൽ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. കിട്ടും, കിട്ടാതിരിക്കില്ല എന്നൊരു മട്ട്.
ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്നു വയനാട്ടുകാർ ചോദിച്ചു തുടങ്ങി എന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ടി. സിദ്ദിഖ് പറഞ്ഞു. പ്രധാനമന്ത്രി വന്നു. ചെറിയ കുട്ടികളെ താലോലിച്ചു. നല്ല വാർത്ത വന്നു. പക്ഷേ നയാപൈസ തരാൻ തയാറായില്ലെന്നു കെ.കെ. ശൈലജ പറഞ്ഞു.
പ്രധാനമന്ത്രി ദുരിതാശ്വാസക്യാന്പിൽ വന്നു കുട്ടിയെ താലോലിക്കുന്നതു കണ്ടപ്പോൾ കാര്യമായി എന്തെങ്കിലും കിട്ടുമെന്ന് വയനാടുകാരനായ ഐ.സി. ബാലകൃഷ്ണനും പ്രതീക്ഷിച്ചു. സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം ഉയർന്നു വരണമെന്നു മോൻസ് ജോസഫ് പറഞ്ഞു. വലിയ പ്രതിഷേധം സംഘടിപ്പിക്കണമെന്നു കെ.കെ. രമയും പറഞ്ഞു.
കേന്ദ്രസഹായം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് കോടതി ഇടപെടുന്ന സ്ഥിതി വരെ ഉണ്ടായെന്നു കെ.പി. മോഹനൻ പറഞ്ഞു. കേന്ദ്രാവഗണനയ്ക്കെതിരെ ഉറച്ചു നിൽക്കാമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രളയകാലത്തു നൽകിയ റേഷനരിയുടെയും സഹായത്തിനെത്തിയ ഹെലികോപ്റ്ററിന്റെയും ചെലവുവരെ തിരിച്ചു പിടിച്ചവരാണു ബിജെപി സർക്കാർ എന്നു കെ.വി. സുമേഷ് വിമർശിച്ചു.
എങ്ങനെയും കേന്ദ്ര സഹായം വാങ്ങിച്ചെടുക്കണമെന്നു വി.ഡി. സതീശനും പറഞ്ഞു. ഇതു കേന്ദ്രത്തിന്റെ ഔദാര്യമല്ല, നമ്മുടെയൊക്കെ നികുതി പണത്തിൽ നിന്നു തരാനാണ് ആവശ്യപ്പെടുന്നതെന്നു സതീശൻ പറഞ്ഞു.
എന്നാൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള മറ്റുള്ളവരുടെ ആവേശമൊന്നും മുഖ്യമന്ത്രി കാട്ടിയില്ല. കേന്ദ്ര നിലപാടിലെ അനീതി അദ്ദേഹം എടുത്തു പറഞ്ഞെങ്കിലും സഹായം കിട്ടുമെന്നു തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നാണു പറഞ്ഞത്.
ഭരണപക്ഷത്തെ പി.ടി.എ. റഹിം വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. എംപിമാർ അവരുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വീതം വയനാടിനായി നൽകണമെന്നാണു റഹിമിന്റെ അഭിപ്രായം. ആദ്യം കേരളത്തിൽ നിന്നുള്ള എംപിമാർ മാതൃക കാട്ടട്ടെ.
അങ്ങനെ വന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോടും ചോദിക്കാം. വലിയൊരു തുക ഇങ്ങനെ സമാഹരിക്കാമെന്നാണു റഹിമിന്റെ പക്ഷം. കെ..കെ. രമയ്ക്കാകട്ടെ ഇങ്ങനെ ദുരിതാശ്വാസ സഹായത്തിനായി പിരിവെടുക്കുന്നതിനോടു തന്നെ യോജിപ്പില്ല.
പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ബജറ്റിൽ തന്നെ ഇതിനുള്ള വിഹിതം മാറ്റിവയ്ക്കണമെന്നാണു രമയുടെ അഭിപ്രായം.വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന പ്രമേയം ന്യൂനപക്ഷക്ഷേമകാര്യമന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച രത്തൻ ടാറ്റയ്ക്ക് നിയമസഭ ചരമോപചാരം അർപ്പിച്ചു. രണ്ടു മണിക്കൂർ അടിയന്തരപ്രമേയ ചർച്ച കഴിഞ്ഞു നാലു ബില്ലുകളും പാസാക്കി സഭ പിരിഞ്ഞപ്പോൾ ഇരുട്ടിയിരുന്നു. സമ്മേളനം ഇന്നു സമാപിക്കും.