ട്രെയിനില്‍ മലയാളി ദമ്പതികളെ കവര്‍ച്ച ചെയ്ത സംഭവം ; എറണാകുളം റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു
Tuesday, October 15, 2024 1:29 AM IST
കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ മലയാളി ദമ്പതികളെ കവര്‍ച്ച ചെയ്ത സംഭവത്തില്‍ എറണാകുളം റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് ജോലാര്‍പേട്ട റെയില്‍വേ പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്ഐആര്‍ തുടരന്വേഷണത്തിനായി സൗത്ത് റെയില്‍വേ പോലീസ് കൈമാറി.
കവര്‍ച്ച നടന്നത് ആലുവയില്വച്ചാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കൈമാറിയിട്ടുള്ളത്. സംഭവത്തില്‍ സൗത്ത് റെയില്‍വേ പോലീസിലെ ഒരു സംഘം ഇവര്‍ ചികിത്സയില്‍ കഴിയുന്ന വെല്ലൂര്‍ സിഎംസി ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.
11ന് രാത്രി കൊല്ലം–വിശാഖപട്ടണം എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം. തമിഴ്നാട്ടിലെ ഹൊസൂറില്‍ സ്ഥിരതാമസക്കാരായ പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണു കവര്‍ച്ചയ്ക്കിരയായത്.
ഇവരുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ളവ കവര്‍ന്നു. കായംകുളത്തുനിന്നു ട്രെയിനില്‍ കയറിയ ഇവര്‍ ജോലാര്‍പേട്ട സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്.
9.30ഓടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ ജോലാര്‍പേട്ട് സ്റ്റേഷനില്‍ ഇറങ്ങാതെ വന്നതോടെ മകന് ഷിനു റെയില്‍വേ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇതിനുപിന്നാലെയാണ് തൊട്ടടുത്ത കാട്പാടി സ്റ്റേഷനില്‍ വച്ച് ഇരുവരെയും ട്രെയിനിനുളളില്‍ കണ്ടെത്തിയത്. മകന്റെ പരാതിയിലാണ് കേസ്.