രണ്ടു ഇനം ചീവീടുകളെ കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ഗവേഷകർ
Tuesday, October 15, 2024 1:29 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കേരളത്തില്‍നിന്നു രണ്ടു ഇനം ചീവീടുകളെ കണ്ടെത്തി. ഈക്കാന്തസ് ഇന്‍ഡിക്കസ്, ഈക്കാന്തസ് ഹെന്റയി എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്.
പുല്‍ച്ചാടികളും, വിവിധയിനം ചീവീടുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇ.എസ്. തസ്നിം, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ.സി. ബിജോയ്, ഡോ. ധനീഷ് ഭാസ്കര്‍ (ഐയുസിഎന്‍, ഗ്രാസ്ഹോപ്പര്‍ സ്പെഷലിസ്റ്റ്, കെയര്‍ എര്‍ത്ത് ട്രസ്ട്, ചെന്നൈ) എന്നിവരാണ് കണ്ടെത്തലിനുപിന്നില്‍.
ഈക്കാന്തിഡേ കുടുംബത്തിലെ ഏഴു സ്പീഷീസുകള്‍ കേരളത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈക്കാന്തസ് ജനുസില്‍ ഉള്‍പ്പെടുന്ന ചീവീടുകളെ കേരളത്തില്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
അന്തരീക്ഷ താപനിലയില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ക്കനുസൃതമായി വ്യത്യസ്ത ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കാന്‍ കഴിവുള്ളതുകൊണ്ട് ഈ ജനുസിൽപ്പെട്ട ജീവികളെ തെര്‍മോമീറ്റര്‍ ക്രിക്കറ്റ് എന്നു വിളിക്കാറുണ്ട്.
അന്താരാഷ്ട്ര ശാസ്ത്രമാസികയായ മ്യൂണിസ് എന്റമോളജി ആന്‍ഡ് സുവോളോജിയുടെ സെപ്റ്റംബര്‍ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുജിസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പഠനം നടന്നത്.