സിബിഐ ചമഞ്ഞ് തട്ടിപ്പ്: വയോധികന് 3.15 കോടി നഷ്ടമായി
Saturday, October 12, 2024 1:48 AM IST
തളിപ്പറമ്പ്: സിബിഐ എന്നു പരിചയപ്പെടുത്തി പരാതിക്കാരനും ഭാര്യക്കും വെർച്വൽ അറസ്റ്റുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്സംഘം വയോധികനിൽനിന്ന് തട്ടിയെടുത്തത് 3,15,50,000 രൂപ.
മൊറാഴ പാളിയത്ത്വളപ്പിലെ റിട്ട.എൻജിനിയറായ ഭാര്‍ഗവന്റെ(74) പണമാണ് നഷ്ടപ്പെട്ടത്. ഭാര്‍ഗവന്റെ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങിയ ആരോ സാമ്പത്തികതട്ടിപ്പ് നടത്തിയതിനാല്‍ ഭാര്‍ഗവനെയും ഭാര്യയെയും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
സെപ്റ്റംബര്‍ 19ന് ഉച്ചകഴിഞ്ഞ് 3.55 മുതല്‍ ഈ മാസം മൂന്നിന് വൈകുന്നേരം അഞ്ചുവരെയാണ് തട്ടിപ്പ് അരങ്ങേറിയത്.
ഭാര്‍ഗവനെ വാട്സ്ആപ്പ് വീഡിയോ സര്‍വൈലന്‍സില്‍ നിര്‍ത്തി സിബിഐ ഓഫീസര്‍മാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഘം കുറ്റകൃത്യങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിന് വെരിഫിക്കേഷന് ശേഷം തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍നിന്ന് അഫ്സാന ടൂര്‍സ് ആൻഡ് ട്രാവല്‍സിന്റെ ബന്ധന് ബാങ്കിലെ അക്കൗണ്ടിലേക്ക് തുക ആര്‍ടിജിഎസ് വഴി ട്രാന്‍സ്ഫര്‍ ചെയ്യിച്ചത്.
കോല്‍ക്കത്ത സെന്‍ട്രല്‍ ഡിവിഷനിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം പോയത്. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.