ലൈംഗികാതിക്രമ പരാതി: ഡോ. പി.കെ. ബേബിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Saturday, October 12, 2024 1:48 AM IST
കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ കുസാറ്റ് സിന്‍ഡിക്കറ്റ് അംഗം ഡോ. പി.കെ. ബേബിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
സര്‍വകലാശാല കലോത്സവം നടക്കുന്നതിനിടെ വേദിക്ക് അടുത്തുവച്ച് സ്റ്റുഡന്റ്സ് വെല്‍ഫയര്‍ ഡയറക്ടര്‍കൂടിയായ പി.കെ. ബേബി കടന്നു പിടിച്ചെന്നാരോപിച്ച് പെണ്‍കുട്ടി നല്കിയ പരാതിയില്‍ കളമശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്.
ഹര്‍ജിക്കാരന്റെ സാന്നിധ്യം പീഡനം ലക്ഷ്യമിട്ടാണെന്നു പ്രഥമദൃഷ്ട്യാ കരുതാനാകില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്.
തന്നെ കുടുക്കാനായി വ്യാജ പരാതി നല്കിയിരിക്കുകയാണെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്നും പഠനത്തെ ബാധിക്കുമെന്നും വിദ്യാര്‍ഥിനിയുടെ അഭിഭാഷകന് വാദിച്ചു. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകനും അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരനെതിരേ ആരോപിക്കുന്ന കാര്യങ്ങളുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു.