ടി.പി. മാധവന് വിടവാങ്ങി
Thursday, October 10, 2024 2:39 AM IST
കൊല്ലം: ചലച്ചിത്രതാരവും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയുമായിരുന്ന ടി.പി. മാധവൻ (88)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെതുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.30നായിരുന്നു മരണം.
മൃതദേഹം മോര്‍ച്ചറിയില്‍. ഇന്നു രാവിലെ ഒന്പതുമുതല് ഉച്ചയ്ക്ക് ഒന്നുവരെ പത്തനാപുരം ഗാന്ധിഭവനിലും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം.
ഗ്രന്ഥകാരനും വിദേശ സര്‍വകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എന്‍. പരമേശ്വരന് പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബര്‍ ഏഴിന് തിരുവനന്തപുരത്താണ് ടി.പി. മാധവന്റെ ജനനം.ആഗ്ര യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവന് പിന്നീട് ഡല്‍ഹി എസ്എഡിസിയില്നിന്നും ബിസിനസ് മാനേജ്മെന്റില്‍ ഡിപ്ലോമ നേടി. 1960ല്‍ കൊൽക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വര്‍ടൈസ്മെന്റില്‍ ബ്യൂറോ ചീഫായി ജോലിയില്‍ പ്രവേശിക്കുകയും ബ്ലിറ്റ്സ്, ഫ്രീ പ്രസ് ജേര്‍ണല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
1970ൽ മധു സംവിധാനം ചെയ്ത ‘പ്രിയ’എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, വിയറ്റ്നാം കോളനി, നരസിംഹം, ലേലം, പുലിവാൽ കല്യാണം, അനന്തഭദ്രം തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ സ്വഭാവ നടനായി തിളങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞു.മലയാള സിനിമാതാരസംഘടനയായ ‘അമ്മ’ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ ടി.പി. തുടര്‍ച്ചയായി പത്ത് വര്‍ഷം ആ സ്ഥാനം അലങ്കരിച്ചു.
ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി.പി. മാധവന് അവിടെവച്ച് പക്ഷാഘാതം ഉണ്ടായി. ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.
തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ ഗാന്ധിഭവനിലെത്തുകയായിരുന്നു. സിനിമയില്‍ സജീവമായതോടെ ഭാര്യ വിവാഹമോചനം നേടിയിരുന്നു.
ഭാര്യ പരേതയായ ഗിരിജ മേനോൻ. മക്കള്‍: ദേവിക, രാജകൃഷ്ണ മേനോന് (എയര്‍ ലിഫ്റ്റ്, ഷെഫ്, പിപ്പ, ബരാഹ് ആന, ബാസ് യുന്‍ ഹായ് എന്നീ ഹിന്ദി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണമേനോന്). സഹോദരങ്ങൾ ഡോ. രാംനായര്‍ (യുഎസ്എ.), ഇന്ദിര നായര്‍, കല്യാണി ഉണ്ണിത്താന് (യുഎസ്എ), ചന്ദ്രിക നായര്‍ (പൂനെ), ഉണ്ണി തിരുക്കോട്.