ചോദ്യോത്തരവേളയിൽ സ്പീക്കർ- പ്രതിപക്ഷ നേതാവ് തർക്കം
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: ചോദ്യങ്ങൾ അംഗങ്ങൾ 45 സെക്കന്‍ഡിനുള്ളിൽ ചോദിക്കണമെന്നു സ്പീക്കർ എ.എൻ. ഷംസീർ. മുതിർന്ന അംഗങ്ങൾ മുതൽ ജൂനിയർ അംഗങ്ങൾ വരെ ചോദ്യങ്ങളെ സ്റ്റേറ്റ്മെന്റാക്കി മാറ്റുന്നതായും സ്പീക്കർ കുറ്റപ്പെടുത്തി. ഇന്നലെ ചോദ്യോത്തരവേള നിശ്ചിത സമയത്തിനു ശേഷവും അഞ്ചു മിനിറ്റോളം നീളുന്ന സാഹചര്യമുണ്ടായപ്പോഴാണു സ്പീക്കറുടെ ഇടപെടൽ.
സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടു സംബന്ധിച്ച ചോദ്യത്തിനു മന്ത്രി സജി ചെറിയാൻ മറുപടി പറയുന്നതിനിടെയാണ് ഉപചോദ്യങ്ങൾ കൂടുതലായി വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം നീണ്ടപ്പോൾ സ്പീക്കർ പലതവണ യെസ് യെസ് എന്നു പറഞ്ഞു ചുരുക്കാൻ ആവശ്യപ്പെട്ടു.
താൻ ചോദ്യം ഉന്നയിക്കുന്പോൾ സ്പീക്കർ നിരന്തരമായി ഇടപെടുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിലും സമാനമായ ഇടപെടലുണ്ടായെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ സമയം സതീശനോടു പ്രകോപിതനാകരുതെന്നും സമയം പോകുകയാണെന്നും സ്പീക്കർ പറഞ്ഞു.
ഇങ്ങനെയാണെങ്കിൽ താൻ ചോദ്യം ചോദിക്കുന്നില്ലെന്നു പറഞ്ഞ് സതീശൻ സീറ്റിലിരുന്നു. മൂന്നു മിനിറ്റോളം സതീശൻ സംസാരിച്ചെന്നും താങ്കൾക്കു മറുപടി കിട്ടാൻ വേണ്ടിയാണു ചുരുക്കാൻ ആവശ്യപ്പെട്ടതെന്നും ചോദ്യം ചോദിക്കൂവെന്നും സ്പീക്കർ അദ്ദേഹത്തോട് നിർദേശിച്ചു. തുടർന്ന് സതീശൻ ചോദ്യം പൂർത്തിയാക്കി.
പിന്നീട് മന്ത്രി സജി ചെറിയാൻ മറുപടി നൽകി. നിയമ മന്ത്രിയെന്ന നിലയിൽ പി. രാജീവും ഇക്കാര്യത്തിൽ വിശദീകരണം നൽകി. അപ്പോഴേക്കും സമയം ചോദ്യോത്തരവേളയുടെ നിശ്ചിത സമയം കഴിഞ്ഞ് അഞ്ചു മിനിറ്റു നീണ്ടിരുന്നു. പിന്നാലെയാണു സ്പീക്കർ ഇതുസംബന്ധിച്ചു റൂളിംഗ് നൽകിയത്.
എല്ലാ അംഗങ്ങളും ചോദ്യങ്ങൾ 30 മുതൽ 45 സെക്കന്‍ഡിനുള്ളിൽ ഒതുക്കണം. ഈ 45 സെക്കന്‍ഡ് മറികടക്കുന്പോഴാണു പലപ്പോഴും താൻ യെസ് യെസ് എന്നു പറയുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് തർക്കിക്കേണ്ട. അങ്ങയോടുള്ള ബഹുമാനം നിലനിർത്തി പറയട്ടെ, ഞാൻ അങ്ങയെ ബഹുമാനിക്കുന്നു. ഞാൻ തുറന്നുപറയുകയാണ്. അങ്ങു വ്യക്തിപരമായി എടുക്കരുത്. അങ്ങാണു പാർലമെന്ററി നടപടികളെ കുറിച്ച് എനിക്ക് ആദ്യമായി ക്ലാസെടുത്തത്.അന്ന് അങ്ങു പറഞ്ഞൊരു കാര്യമുണ്ട്. അത് ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.
ചോദ്യങ്ങൾ ചോദ്യങ്ങളാവണം, പ്രസ്താവനകളാകരുത്. ചോദ്യങ്ങൾ എങ്ങനെയാണു പ്രസംഗങ്ങളാവുന്നത്. അത്തരം കാര്യങ്ങൾ സബ്മിഷനും ശ്രദ്ധ ക്ഷണിക്കലുമായി കൊണ്ടുവരാമല്ലോ. ഇത്തരം നടപടികൾ ഒരുതരത്തിലും അനുവദിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു.