വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം
Friday, September 20, 2024 1:07 AM IST
ഹരിപ്പാട്: മകളുടെ വിവാഹത്തിനായി വിദേശത്തുനിന്നു നാട്ടിലെത്തിയ പിതാവിനെ വിമാനത്താവളത്തിൽനിന്നു വിളിച്ചു കൊണ്ടുവരവേ വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം.
വള്ളികുന്നം കാമ്പിശേരി വെങ്ങാലേത്ത് വിളയിൽ സത്താർ (49), മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം.
സൗദിയിൽ നിന്നെത്തിയ സത്താറിനെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു വിളിച്ചുകൊണ്ടു വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ആലിയ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ്സത്താർ സൗദിയിൽനിന്നു വന്നത്.
ഇവർക്കൊപ്പം സഞ്ചരിച്ച സത്താറിന്റെ ഭാര്യ ഹസീന മക്കളായ ഹർഷിദ്, അൽഫിദ കാർ ഓടിച്ചിരുന്ന ഭാര്യാ സഹോദരൻ അജീബ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.