ലത്തീൻ സഭയിലെ കേൾവി-സംസാര പരിമിതരുടെ സംസ്ഥാനതല സമ്മേളനം നാളെ
Friday, September 20, 2024 1:06 AM IST
തിരുവനന്തപുരം: കേരള ലത്തീൻ സഭയിലെ കേൾവി-സംസാര പരിമിതരുടെ സംസ്ഥാനതല സമ്മേളനം നാളെ വെട്ടുകാട് നടക്കും. ഉച്ചകഴിഞ്ഞ മൂന്നിന് ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര, കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ, ഫാമിലി കമ്മീഷൻ കെആർഎൽസിബിസി സെക്രട്ടറി റവ. ഡോ. എ. ആർ. ജോണ്‍ എന്നിവർ പ്രസംഗിക്കും.
ഫാമിലി കമ്മീഷൻ കെആർഎൽസിബിസിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് തിരുവനന്തപുരം ലത്തിൻ അതിരൂപതയാണ്. സമ്മേളനത്ത് കേൾവി-സംസാര പരിമിതരുടെ ആത്മീയ അജപാലനവും ജീവിതാന്തസും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യംവയ്ക്കുന്ന ‘എഫ്ഫാത്ത’ ഫോറത്തിനും തുടക്കം കുറിക്കും. കേൾവി - സംസാര വെല്ലുവിളി നേരിടുന്ന ഇന്ത്യയിലെ പ്രഥമ വൈദികൻ ഫാ. ജോസഫ് തേർമറത്തെ ചടങ്ങിൽ ആദരിക്കും.
ശനിയാഴ്ച രാവിലെ 9.30ന് വെട്ടുകാട് പാരിഷ് ഹാളിൽ ആരംഭിക്കുന്ന ചടങ്ങിൽ ഈഥർ ഇൻഡ്യ ഡയറക്ടർ ബിജു സൈമണ്‍ ആമുഖപ്രഭാഷണം നടത്തും. തുടർന്ന് 11.15ന് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിക്ക് ഫാമിലി കമ്മീഷൻ ചെയർമാനും വിജയപുരം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികത്വംവഹിക്കും.
ഫാ. ജനിസ്റ്റൻ, ഫാ. ജോളി എന്നിവർ ദിവ്യബലി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യും. തുടർന്ന് നടക്കുന്ന ക്ലാസിന് കോട്ടയം ആസ്ഥാനമായി കേൾവി - സംസാര പരിമിതർക്കായി പ്രവർത്തിക്കുന്ന ‘നവധ്വനി’ ഡയറക്ടർ ഫാ. ബിജു ലോറൻസ് മൂലക്കര നേതൃത്വം നല്‍കും.