സ്വാശ്രയ എൻജിനിയറിംഗ് കോളജ്: കോഴ്സുകൾ ആരംഭിക്കുന്നതിനും നിർത്തലാക്കുന്നതിനും ഫീസ് കുത്തനേ കൂട്ടി
തോമസ് വർഗീസ്
Monday, July 14, 2025 3:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള കോഴ്സ് നിർത്തലാക്കുന്നതിനുമുൾപ്പെടെ ഫീസ് കുത്തനേ വർധിപ്പിച്ച് സർക്കാർ. നിലവിലുള്ള ഫീസിന്റെ 25 ശതമാനം വർധനവാണ് നടപ്പാക്കുന്നത്.
ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്തതിനാൽ പല എൻജിനിയറിംഗ് കോളജുകളും രൂക്ഷമായ പ്രതിന്ധി നേരിടുന്നതിനിടെയാണ് ഇപ്പോൾ ഫീസ് വർധന വരുത്തിയിട്ടുള്ളത്.
ഒരു കോളജിൽ പുതുതായി ഒരു കോഴ്സ് ആരംഭിക്കുന്നതിനായി നിലവിലുണ്ടായിരുന്ന ഫീസ് 31,500 രൂപയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം 39,375 രൂപ ആയാണ് വർധിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള കോഴ്സിന്റെ കാലാവധി നീട്ടുന്നതിനായി ഉണ്ടായിരുന്ന 21,000 രൂപയെന്നത് 26,250 ആയി വർധിപ്പിച്ചു.
ഒരു കോളജിൽ ഒരു വിഷയത്തിൽ അധിക ബാച്ച്, ഒരു കോഴ്സിൽ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കൽ, വിദ്യാർഥികളുടെ എണ്ണം കുറയ്ക്കൽ എന്നിവയ്ക്കും നിലവിലുള്ള ഫീസിന്റെ 25 ശതമാനം വർധിപ്പിച്ചു.
കോളജിന്റെ നിലവിലുള്ള പേര് മാറ്റുന്നതിനും വിവിധ ട്രസ്റ്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരു ട്രസ്റ്റിനു കീഴിലാക്കി പ്രവർത്തിക്കുന്നതിന് അനുമതി നല്കുന്നതിനുള്ള ഫീസിലും വർധനവരുത്തി. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള ഫീസിലും വർധന വരുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം 13 ഇനങ്ങളിലെ ഫീസാണ് വർധിപ്പിച്ചിട്ടുള്ളത്.