ജനകീയ ഗവര്‍ണര്‍ പടിയിറങ്ങുന്നു
Tuesday, July 15, 2025 1:40 AM IST
കോഴിക്കോട്: ഗോവ രാജ്ഭവനെ ജനകീയമാക്കിയാണ് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പടിയിറങ്ങുന്നത്. പുതിയ ഗവര്‍ണറെ രാഷ്ട്രപതി ഇന്നലെ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നത്.
അഞ്ചുവര്‍ഷമെന്ന കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ തുടരുകയായിരുന്നു. പുതിയ ഗവര്‍ണര്‍ സ്ഥാനേമല്ക്കുന്ന മുറയ്ക്ക് ശ്രീധരന്‍പിള്ള നാട്ടിലേക്കു മടങ്ങും.
അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനായ ശ്രീധരന്‍പിള്ള 2019ല്‍ മിസോറാമിലാണ് ഗവര്‍ണറായി ആദ്യം ചുമതലയേറ്റത്. രണ്ടു വര്‍ഷത്തിനുശേഷം അവിടെനിന്ന് ഗോവയിലേക്കു മാറ്റം ലഭിച്ചു. 2021ല്‍ ഗോവ ഗവര്‍ണറായി ചുമതലയേറ്റു. ഗോവയില്‍ ഗവര്‍ണറായി നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നലെയാണ് പുതിയ ഗവര്‍ണറുടെ പ്രഖ്യാപനം വന്നത്.
ഗവര്‍ണര്‍ പദവിയില്‍ എത്താന്‍ കഴിഞ്ഞതില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
ഗോവയിലും മിസോറാമിലുമായി ആറുവര്‍ഷം പൂര്‍ത്തിയാക്കി. ജീവിതത്തില്‍ ഒരിക്കലും പദവിയോ സ്ഥാനമോ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. അരനൂറ്റാണ്ടായി പ്രസ്ഥാനത്തിന്റെ ഭാഗമാണ്. എനിക്ക് നല്കാന് പറ്റുന്നതെല്ലാം പ്രസ്ഥാനം തന്നിട്ടുണ്ട്. ഭാവി കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കിയ ഗവര്‍ണറാണ് ശ്രീധരന്‍പിള്ള. പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുവാങ്ങാനുള്ള സഹായം നല്‍കിയും തന്റെ പുസ്തകത്തിന്റെ റോയല്റ്റിയില്നിന്നുള്ള വരുമാനം ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് അന്നദാനം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കിയും ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുടെ വിഷമങ്ങള്‍ മനസിലാക്കി സഹായമെത്തിച്ചും അദ്ദേഹം ശ്രദ്ധേയനായി.
ഗവര്‍ണറായ ശേഷവും എഴുത്തിന്റെ ലോകത്താണ് അദ്ദേഹം സഞ്ചരിച്ചത്. എഴുത്തിന്റെ സുവര്‍ണജൂബിലി ആഘോഷം ഈ വര്‍ഷം ജനുവരിയിലാണ് കോഴിക്കോട്ട് നടന്നത്. 251-ാം പുസ്തകമായ വൃക്ഷ ആയുര്‍വേദവും 252-ാം പുസ്തകമായ ആള്‍ട്ടിറ്റ്യൂഡ് ഓഫ് ഓള്മൈറ്റിയും അന്ന് പ്രകാശനം ചെയ്തിരുന്നു.
കവിതകള്‍, കഥകള്‍, യാത്രാവിവരണം, രാഷ്ട്രീയം, സാമ്പത്തികം, നാടോടി കവിതകള്‍ തുടങ്ങിയ വ്യത്യസ്ത മേഖലയിലാണ് അദ്ദേഹത്തിന്റെ രചനകള്‍. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റായും ശ്രീധരന്‍പിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്.