അടിയന്തരാവസ്ഥ: സത്യസന്ധമായ വിശദീകരണം നടത്താന്‍ തയാറാകണമെന്ന് വി.എം. സുധീരന്
Monday, July 14, 2025 3:20 AM IST
കോഴഞ്ചേരി: അടിയന്തരാവസ്ഥ സംബന്ധിച്ച് സത്യസന്ധമായി പഠിച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ എഴുതിയ സത്യത്തിന്റെ മുഖം എന്ന പുസ്തകം മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ പ്രകാശനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ രണ്ടാം ഘട്ടത്തിലാണ് ഏറെ ദുരുപയോഗം ഉണ്ടായത്. കുടുംബാസൂത്രണത്തിന്റെയും നഗരവത്കരണത്തിന്റെയും പേരിലാണ് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരുപയോഗം നടന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ദുരുപയോഗം നടന്നിട്ടില്ല. അതുകൊണ്ടാണ് അതിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതെന്ന് സുധീരന് അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥയുടെ പേരില്‍ ഏറെ ബുദ്ധിമുട്ട് ജനങ്ങള്ക്കുണ്ടാവുന്നുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആദ്യം ആവശ്യപ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്റണിയാണെന്നും സുധീരന് പറഞ്ഞു. 1976 ലെ ഗോഹാട്ടി എഐസിസി സമ്മേളനത്തിലാണ് ആന്റണി ഈ ആവശ്യം ഉന്നയിച്ചത്. ആന്റണിയുടെ പ്രസംഗം ഇന്ദിരാഗാന്ധിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സുധീരന് പറഞ്ഞു.