ജീപ്പ് സഫാരിക്ക് നിയന്ത്രണത്തോടെ അനുമതി
Tuesday, July 15, 2025 1:40 AM IST
തൊടുപുഴ: ജില്ലയിൽ സുരക്ഷാഭീഷണിയെത്തുടർന്ന് കഴിഞ്ഞ അഞ്ചു മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്റോഡ് യാത്ര എന്നിവ നാളെ മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒൻപത് റൂട്ടുകൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുന്നത്.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവർത്തനമെന്ന് കർശന നിർദേശമുണ്ട്.
റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിർണയിക്കുന്നതിനായി ഇടുക്കി, ദേവികുളം സബ് കളക്ടർമാർ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആന്ഡ് റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചു. ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒ, അതാത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഡിടിപിസി സെക്രട്ടറി എന്നിവർ കമ്മിറ്റികളിൽ അംഗമാണ്.
കമ്മിറ്റികൾ റൂട്ടുകൾ പരിശോധിച്ച് ഏതു തരം വാഹനങ്ങൾ ഓടിക്കണമെന്നതിൽ നിർദേശം നൽകും. കൂടാതെ വാഹനങ്ങൾ, ഡ്രൈവർമാർ, യാത്രകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. നിയന്ത്രണം, സുരക്ഷ, ഡിജിറ്റൽ ബുക്കിംഗ്, ചാർജ് എന്നിവ വിശദീകരിച്ച് ഡിടിപിസിക്ക് റൂട്ട് തിരിച്ചുള്ള നിർദേശങ്ങൾ ഇന്ന് സമർപ്പിക്കും.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇന്നു മുതൽ ജില്ലാതല രജിസ്ട്രേഷൻ ഡ്രൈവ് നടത്തും. നിർദിഷ്ട നിബന്ധനകൾ പാലിക്കുന്ന ഓപ്പറേറ്റർമാർക്ക് മാത്രമേ നാളെ മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകൂ.
വാഹനമോടിക്കുന്നയാൾക്ക് ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് മൂന്നു വർഷത്തെ പരിചയവും വേണം. കൂടാതെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമുണ്ടാകണം.
വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ്, ഡിടിപിസി രജിസ്ട്രേഷൻ, ഫയർ എക്സ്റ്റിംഗ്വിഷർ, ഫസ്റ്റ് എയ്ഡ് കിറ്റ്, ജിപിഎസ്, സ്പീഡ് ഗവർണർ, യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകൾ എന്നിവ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ ഒരു വാഹനത്തെയും ഡ്രൈവറെയും പ്രവർത്തിക്കാൻ അനുവദിക്കില്ല.
യാത്രയുടെ സ്വഭാവമനുസരിച്ച് റൂട്ട് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ട്രിപ്പുകൾ രാവിലെ നാലിനും വൈകുന്നേരം ആറിനും ഇടയ്ക്കായിരിക്കും പ്രവർത്തന സമയം.
ടിക്കറ്റ് വരുമാനത്തിന്റെ ഒരു ഭാഗം ഡ്രൈവർമാരുടെ മെഡിക്കൽ,അപകട ഇൻഷ്വറൻസ് പരിരക്ഷയ്ക്കായി ഡ്രൈവർ വെൽഫെയർ ഫണ്ടിലേക്ക് നീക്കിവയ്ക്കാനും നിർദേശമുണ്ട്. ഏപ്രിലിലും ഒക്ടോബറിലും വർഷത്തിൽ രണ്ടുതവണ വാഹനങ്ങൾക്ക് നിർബന്ധിത സുരക്ഷാ ഓഡിറ്റും പെർമിറ്റ് പുതുക്കലും ഫിറ്റ്നസ് പരിശോധനയും നടത്തും. നിബന്ധനകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷണനടപടികൾ നേരിടേണ്ടി വരും.
അലംഭാവം മൂലമുള്ള അപകടങ്ങളിൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉള്ളപ്പോൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാടുള്ളൂ.
ജീപ്പ് സഫാരിക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ജില്ലയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വിവിധ സംഘടനകൾ കളക്ടറുടെ ഉത്തരവിനെതിരേ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രധാന ആകർഷക ഘടകമാണ് ട്രക്കിംഗും ജീപ്പ് സഫാരിയും.