നേര്യമംഗലം-വാളറ റോഡ് നിർമാണ വിലക്ക്; ഹർത്താലിൽ പ്രതിഷേധമിരന്പി
Sunday, July 13, 2025 2:46 AM IST
അടിമാലി: ദേശീയപാത-85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറവരെയുള്ള റോഡ് നിർമാണം തടഞ്ഞുള്ള കോടതി ഇടപെടലിൽ പ്രതിഷേധം കൂടുതൽ ശക്തമായി.
സംഭവത്തിൽ പ്രതിഷേധിച്ച് അടിമാലി പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ ആചരിച്ചു. പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധക്കാർ ദേശീയപാതയിൽ വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.
ഇന്നലെ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയായിരുന്നു ഹർത്താൽ. മേഖലയിലെ കടകന്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സി വാഹനങ്ങളും സർവീസ് നടത്തിയില്ല.
കെഎസ്ആർടിസി സർവീസുകൾ മാത്രമാണുണ്ടായിരുന്നത്. ദേശീയപാതയിലൂടെ എത്തിയ സഞ്ചാരികളുടെ വാഹനങ്ങളും ഏതാനും സമയം തടഞ്ഞിട്ടശേഷം വിട്ടയച്ചു. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും കുറയുമെന്നായിരുന്നു പ്രതീക്ഷ.
പാതയുടെ ഭാഗമായ മൂന്നാർ മുതൽ വീതികൂട്ടിയുള്ള നവീകരണ ജോലികൾക്കു തുടക്കം കുറിച്ചിരുന്നു. ഇതിനിടെയാണ് വെള്ളിടിയായി കോടതി വിധിയുണ്ടായത്.
നേര്യമംഗലം വനമേഖലയിലെ നിർമാണജോലികളുമായി ബന്ധപ്പെട്ട് തുടക്കത്തിൽ വനംവകുപ്പ് തടസവാദങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് ജനകീയ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് നേര്യമംഗലം വനമേഖലയിൽ നിർമാണജോലികൾ ആരംഭിച്ചത്.