സൂപ്പര്‍ കംപ്യൂട്ടിംഗിലേക്ക് ചുവടുവയ്ക്കാന്‍ എസ്ആര്‍ഐബിഎസ്
Tuesday, July 15, 2025 1:40 AM IST
കോട്ടയം: സൂപ്പര്‍ കംപ്യൂട്ടിംഗിന്റെ വിശാലലോകത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി പാമ്പാടിയിലെ ശ്രീനിവാസ രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് (എസ്ആര്‍ഐബിഎസ്). പാമ്പാടി എട്ടാംമൈലിലെ കാമ്പസിലാരംഭിക്കുന്ന സൂപ്പര്‍ കംപ്യൂട്ടിംഗ് സെന്റര്‍ വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
അത്യാധുനിക സൂപ്പര്‍ കംപ്യൂട്ടിംഗ് സെന്ററിലെ സൗകര്യം കേരളത്തിലെ എല്ലാ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുമെന്നതാണ് പ്രധാന സവിശേഷതയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി.എച്ച്. സുരേഷ് പറഞ്ഞു.
പദ്ധതി പ്രവര്‍ത്തനക്ഷമമാവുന്നതോടെ സൂപ്പര്‍കംപ്യൂട്ടിംഗ് ഉപയോഗിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങളില്‍ ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന പുതിയ അവസരങ്ങളും പ്രതിഭകളും ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
2026 ജനുവരിയോടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുതിയ കാമ്പസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള എസ്ആര്‍ഐബിഎസ് സൂപ്പര്‍ കംപ്യൂട്ടിംഗ് ഉള്‍പ്പെടെ ശാസ്ത്രഗവേഷണത്തില്‍ പുതുതലമുറയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുനല്‍കുന്നു.
ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിത ശാസ്ത്രം, കംപ്യൂട്ടേഷണല്‍ സയന്‍സസ് തുടങ്ങിയ മേഖലകളില്‍ നവീന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യക്കകത്തും പുറത്തുമുള്ള ഉന്നതഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് അത്യാധുനിക ഗവേഷണങ്ങള്‍ നടത്തുന്നതിലും നിര്‍ണായകമായ പങ്കുവഹിക്കാന്‍ ശേഷിയുള്ള ഗവേഷണസ്ഥാപനമായി ഇത് മാറിക്കഴിഞ്ഞു.
എന്താണ് സൂപ്പര്കംപ്യൂട്ടര്
സാധാരണ കംപ്യൂട്ടറിനേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വേഗവും കംപ്യൂട്ടേഷണല്‍ ശേഷിയുമുള്ളതാണ് ഒരു സൂപ്പര്കംപ്യൂട്ടര്. കാലാവസ്ഥാ പ്രവചനം, ഹൈ എനര്‍ജി ഫിസിക്സ് പഠനം, ബ്ലാക്ക് ഹോളുകളുടെ പഠനം, സിമുലേഷനുകള്‍, പുതിയ മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യല്‍ തുടങ്ങിയ ബൃഹത്തായതും സങ്കീര്‍ണവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നവിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.
കൂടുതല്‍ പ്രോസസര്‍, കൂടുതല്‍ വേഗം
സാധാരണ കംപ്യൂട്ടറിന് രണ്ടു മുതല്‍ എട്ടുവരെ പ്രോസസര്‍ കോറുകളാണുള്ളത്. പക്ഷേ, സൂപ്പര്കംപ്യൂട്ടറില് ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ പ്രോസസറുകള്‍ ഉപയോഗിച്ച് ഒരേസമയം ലക്ഷക്കണക്കിന് ജോലികള്‍ ചെയ്യുന്നു. ആദ്യകാലത്തു ഗ്രാഫിക്സിനും വീഡിയോ ഗെയിമുകള്‍ക്കുമായി നിര്‍മിച്ച ജിപിയു (ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ്) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, സിമുലേഷനുകള്‍ എന്നീ വലിയ ഗണിത പ്രശ്നങ്ങള്‍ക്ക് മികച്ചതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ഇന്നത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍കംപ്യൂട്ടറുകള്‍ സിപിയുവും ജിപിയുവും ഒരുമിച്ച് ഉപയോഗിക്കുന്നു. സിപിയു നിയന്ത്രണവും വൈവിധ്യവും നല്കുന്നു. ജിപിയു ആവര്‍ത്തന, ഭാരമേറിയ കണക്കുകൂട്ടലുകള്‍ക്ക് സഹായിക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കല്‍ (ആവര്‍ത്തന ഗണിതം ആവശ്യമാണ്), ശാസ്ത്രീയ സിമുലേഷനുകള്‍ (ആറ്റങ്ങള്‍, ഗാലക്സികള്‍, രോഗങ്ങള്‍ എന്നിവ മോഡല്‍ ചെയ്യല്‍), ചിത്ര-വീഡിയോ പ്രോസസിംഗ് തുടങ്ങിയവയ്ക്കൊക്കെ ജിപിയു അനുയോജ്യമാണ്.
കാലാവസ്ഥാ പ്രവചനം (വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവ പ്രവചിക്കല്‍), ബഹിരാകാശ ദൗത്യങ്ങള്‍ (റോക്കറ്റ് വിക്ഷേപണ സിമുലേഷനുകള്‍), കാലാവസ്ഥാ വ്യതിയാന പഠനം, ആണവ, പ്രതിരോധ ഗവേഷണം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം എന്നിവയിലൊക്കെ സൂപ്പര്‍ കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്.