ക്രിമിനൽസംഘത്തെ അഴിച്ചുവിട്ട് സിപിഎം വെല്ലുവിളിക്കുന്നു: വി.ഡി. സതീശൻ
Tuesday, July 15, 2025 1:40 AM IST
തൃശൂർ: ക്രിമിനൽസംഘത്തെ സംസ്ഥാനവ്യാപകമായി അഴിച്ചുവിട്ട് സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി വിജയന്റെ പോലീസിനെതിരേയാണു കാസർഗോഡ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്.
മണ്ണാർക്കാട് അഷറഫിനെതിരേയും മാധ്യമപ്രവർത്തകൻ സി. ദാവൂദിനെതിരേയും സിപിഎം നേതാവ് പി.കെ. ശശിക്കെതിരേയും കൈവെട്ടുമുദ്രാവാക്യം വിളിച്ചു. ഇതായിരുന്നു അവസാനകാലത്തു ബംഗാളിലെ സ്ഥിതിയും. ബംഗാളിലെ അവസ്ഥയുടെ തുടക്കമാണു കേരളത്തിൽ സിപിഎമ്മും കാട്ടുന്നതെന്നും സതീശൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ സർക്കാർ കുളംതോണ്ടി. ആരോഗ്യരംഗം വെന്റിലേറ്ററിലായി. പി.ജെ. കുര്യനെപ്പോലെ മുതിർന്ന നേതാവ് യൂത്ത് കോണ്ഗ്രസ് കൂടുതൽ നന്നാകണമെന്നു പറഞ്ഞാൽ നിങ്ങളെന്തിനാണു വലിയ വാർത്തയാക്കുന്നതെന്നും സതീശൻ ചോദിച്ചു. പാലക്കാട്ടും നിലന്പൂരിലുമൊക്കെ വാർത്തകളുണ്ടാക്കി രാത്രിവരെ ചർച്ചചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. മാധ്യമങ്ങൾക്കുചുറ്റുമല്ല ലോകം കറങ്ങുന്നത്.
എസ്എഫ്ഐ ആഭാസസമരമാണു നടത്തുന്നത്. ഗവർണർക്കെതിരേ സമരത്തിന് എന്തിനാണു സർവകലാശാലയിലേക്കു പോയതും വിദ്യാർഥികളെയും ജീവനക്കാരെയും തല്ലിയതും? എല്ലാ ആർഎസ്എസുകാരെയും രാജ്യസഭയിലെത്തിക്കുകയാണു ബിജെപി. രാജ്യത്ത് ഇതുവരെയില്ലാത്തവിധം ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും കേരളത്തിൽ ആട്ടിൻതോലിട്ട ചെന്നായയായി ബിജെപി മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.