കൂടരഞ്ഞി കൊലപാതകം: കൊല്ലപ്പെട്ടതാരെന്നു കണ്ടെത്താനായില്ല
Monday, July 14, 2025 3:20 AM IST
കോഴിക്കോട്: പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് താന്‍ രണ്ടു പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടുവെന്നു സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പോലീസ് തയാറാക്കി.
ചോദ്യം ചെയ്യലില്‍ മുഹമ്മദലിയില്നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു തിരുവമ്പാടി പോലീസ് രേഖാചിത്രം തയാറാക്കിയത്. 1986, 1989 വര്‍ഷങ്ങളിലായി രണ്ടു പേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപ്പറമ്പില്‍ പൈലിയുടെ മകനായ ആന്റണി പിന്നീട് മുഹമ്മദലി ആയി വേങ്ങരയിലേക്കു താമസം മാറ്റുകയായിരുന്നു. 14-ാം വയസില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്കു ചവിട്ടിയിട്ടു കൊന്നുവെന്നാണു മുഹമ്മദലി വെളിപ്പെടുത്തിയത്.
ഈ കേസില്‍ റിമാന്‍ഡിലായ മുഹമ്മദലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വേറെ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി പോലീസിനോടു വെളിപ്പെടുത്തി. 1986 ഡിസംബര്‍ അഞ്ചിലെ ദിനപത്രത്തില്‍, കൂടരഞ്ഞി മിഷന് ആശുപത്രിക്കു പിറകിലെ വയലില്‍ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പോലീസിനുള്ള ആകെ സൂചന.
കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടതാരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് നിലനില്‍ക്കില്ല. ഈ സാഹചര്യത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു രേഖാചിത്രം തയാറാക്കിയത്.
പ്രേംദാസ് എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് രേഖാചിത്രം വരച്ചത്. ചിത്രം 80 ശതമാനം കൃത്യമെന്നാണു വിലയിരുത്തല്‍.
വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ മുഹമ്മദലിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്ന തരത്തില്‍ ബന്ധുക്കള്‍ സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ആശയക്കുഴപ്പത്തിലാണു പോലീസ്. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നാണു കേസ് അന്വേഷിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണെന്നസംശയത്താല് അങ്ങോട്ടേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.