ബിഎസ്സി നഴ്സിംഗ് : ആകെ മെറിറ്റ് സീറ്റ് 5,864, അപേക്ഷിച്ചത് 65,430
Tuesday, July 15, 2025 1:40 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന് മെറിറ്റ് സീറ്റിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം, മൊത്തം മെറിറ്റ് സീറ്റുകളുടെ 10 മടങ്ങിലധികം.
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മുഖേനയാണ് സംസ്ഥാനത്തെ ബിഎസ്സി നഴ്സിംഗിനായി അപേക്ഷകൾ സ്വീകരിക്കുന്നതും റാങ്ക് പട്ടിക തയാറാക്കുന്നതും. സംസ്ഥാനത്ത് ആകെ സർക്കാർ, സർക്കാർ നിയന്ത്രിത, സ്വാശ്രയ നഴ്സിംഗ് കോളജുകളിലായി ആകെ 9574 ബിഎസ്സി നഴ്സിംഗ് സീറ്റുകളാണുള്ളത്.
ഇതിൽ 5864 സീറ്റുകളാണ് സർക്കാർ മെറിറ്റ് സീറ്റുകളായുള്ളത്. ബാക്കി 3710 എണ്ണം മാനേജ്മെന്റ് സീറ്റുകളാണ്. ഈ അധ്യയന വർഷം സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളിലേക്ക് ആകെ ലഭിച്ച അപേക്ഷകൾ 65,430 എണ്ണമാണ്.
സംസ്ഥാനത്തുനിന്ന് വിദേശ രാജ്യങ്ങളിൽ ഏറ്റവുമധികം തൊഴിലവസരം ലഭ്യമാകുന്ന നഴ്സിംഗ് മേഖലയിൽ സംസ്ഥാനത്ത് വേണ്ടത്ര സീറ്റുകൾ ഇല്ലാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരേ പോലെ ബുദ്ധിമുട്ടിലാക്കുന്നു.
സംസ്ഥാനത്തെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഒരേപോലെ തൊഴിൽ സാധ്യതയുള്ള മേഖലയായതിനാൽ കൂടുതൽ വിദ്യാർഥികളും പ്ലസ് ടു പഠനത്തിനു ശേഷം നഴ്സിംഗ് മേഖലയാണ് തെരഞ്ഞെടുക്കുന്നത്.
സ്വന്തം നാട്ടിൽ പ്രവേശനം ലഭ്യമാകാതെ വരുന്നതോടെ ഇതരസംസ്ഥാനങ്ങളിൽ വൻ തുക നല്കി നഴ്സിംഗ് കോഴ്സുകളിൽ പ്രവേശനം നേടേണ്ട സ്ഥിതിയാണ് കേരളത്തിലെ കുട്ടികളിലേറെ പേർക്കും. ഇക്കുറി അപേക്ഷിച്ച 65000ലധികം കുട്ടികളിൽ 10000ത്തോളം വിദ്യാർഥികൾക്ക് മാത്രമാണ് കേരളത്തിൽ പ്രവേശനം ലഭിക്കുക.
ബാക്കി വരുന്ന വിദ്യാർഥികളിൽ പകുതിയോളം പേർ ഇതരസംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളജുകളെ ആശ്രയിച്ചാൽ പോലും സംസ്ഥാനത്തിനു ഫീസ് ഇനത്തിൽ ഉൾപ്പെടെ ലഭിക്കേണ്ട വൻ വരുമാനമാണ് നഷ്ടമാകുന്നത്.