രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധമെന്ന്; റദ്ദാക്കണമെന്നു ഗവർണർക്കു നിവേദനം
Tuesday, July 15, 2025 1:40 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കു നിവേദനംനൽകി. യൂണിവേഴ്സിറ്റി നിയമങ്ങൾക്കു വിരുദ്ധമായാണു നിയമനം നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റി ഗവർണറെ സമീപിച്ചിരിക്കുന്നത്.
കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് 12 (4)പ്രകാരം സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സർവകലാശാലകളിലെയോ കോളജുകളിലെയോ അധ്യാപകരിൽനിന്നു മാത്രമേ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അനിൽകുമാർ കേരള സർവകലാശാലയുടെ കീഴിലുള്ള ഒരു പ്രൈവറ്റ് കോളജിലെ അധ്യാപകനാണ്.
സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് അദ്ദേഹം രജിസ്ട്രാറായി തുടരുന്നത്. ഇതു യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സമാന രീതിയിൽ പ്രൈവറ്റ് കോളജ് ആയ തൃശൂർ സെന്റ് തോമസ് കോളജിലെ ഒരു അധ്യാപകന് കാലിക്കട്ട് സർവകലാശാലയിൽ രജിസ്ട്രാറായി ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനം നൽകിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ക്വാേവാറന്റോ ഹർജി ഫയൽ ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന സിൻഡിക്കറ്റ് യോഗമാണ് അദ്ദേഹത്തിന്റെ നിയമനം നാലു വർഷത്തേക്കു നീട്ടിനൽകിയത്. ചട്ടവിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നുവെങ്കിലും യോഗത്തിൽ സർക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരം നിയമനം നീട്ടിനൽകുന്നതിനുവേണ്ടി എല്ലാ ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു.