മാരുതി കാർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു
Sunday, July 13, 2025 2:54 AM IST
ചിറ്റൂർ (പാലക്കാട്): പൊൽപ്പുള്ളിയിൽ മാരുതി കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ രണ്ടു കുട്ടികൾ മരിച്ചു.
പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെയും എൽസിയുടെയും മക്കളായ എമിലി (നാല്), ആൽഫിൻ (ആറ്) എന്നിവരാണു ചികിത്സയിലിരിക്കെ ഇന്നലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എൽസി(40)യും മൂത്തമകൾ അലീന(10)യും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെ എമിലിയും ഒരു മണിക്കൂറിനുശേഷം ആൽഫിനും മരണത്തിനു കീഴടങ്ങുകയായിരുന്നു. അലീന അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
വീടിനു മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട് പാലന ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു തിരികെയെത്തി ഒരുമണിക്കൂറിനുശേഷം മക്കളുമായി ഷോപ്പിംഗിനു പോകാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം.
വാഹനം സ്റ്റാർട്ടാക്കിയപ്പോൾ പെട്രോൾ ടാങ്കിന്റെ ഭാഗത്തുനിന്ന് തീ പിടിക്കുകയായിരുന്നു. ഉടൻതന്നെ എൽസി പുറത്തിറങ്ങി രണ്ടു മക്കളെയും പുറത്തേക്കു വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപ്പടർന്നു. കാറിന്റെ ഡോർ അടഞ്ഞതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചു തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അട്ടപ്പാടി സ്വദേശിയായ എൽസി നാലുവർഷം മുന്പാണ് ഇവിടെ താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുന്പ് കാൻസർ ബാധിച്ചു മരിച്ചിരുന്നു.
ആൽഫിൻ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയും എമിലി യുകെജി വിദ്യാർഥിനിയുമാണ്. കുട്ടികളുടെ മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി എൽസിയുടെ നാടായ അട്ടപ്പാടി താവളത്തു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പാലക്കാട്ടുനിന്ന് ഫോറൻസിക് വിദഗ്ധൻ പി.ആർ. ആനന്ദ്, വിരലടയാള വിദഗ്ധൻ രാജേഷ് എന്നിവരെത്തി കത്തിനശിച്ച കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.
പെട്രോൾ ടാങ്കിൽനിന്നു ചോർച്ച ഉണ്ടാകാനുള്ള സാധ്യതയും അന്വേഷിക്കുന്നതായി ഇവർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നായിരുന്നു ആദ്യനിഗമനം. ഗ്യാസ് ചോർന്നു തീപിടിച്ചതാണെന്നും സംശയമുയർന്നിരുന്നു.