ബാലികാ പീഡനം ; മദ്രസ അധ്യാപകന് 86 വർഷം കഠിന തടവ്
Tuesday, July 15, 2025 1:40 AM IST
മഞ്ചേരി : പതിനൊന്നുകാരിയെ ലൈംഗീക പീഡനത്തിന് വിധേയയാക്കിയ മദ്രസ അധ്യാപകന് മഞ്ചേരി സ്പെഷൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 86 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്കപ്പറന്പിൽ ജാബിർ അലി (30) യെയാണ് ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്.
2022 ഏപ്രിൽ 21ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പഠിപ്പിക്കുന്നതിനിടെ മേശക്കരികിലേക്ക് വിളിപ്പിക്കുകയും ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയുമായിരുന്നു.
പ്രതി കുട്ടിക്ക് സ്വന്തം സ്വകാര്യഭാഗങ്ങൾ കാണിച്ചു നൽകിയതായും പരാതിയുണ്ട്. തുടർന്ന് പ്രതിയുടെ ആവശ്യപ്രകാരം ചോക്ക് കൊണ്ടുവരുന്നതിനായി കെട്ടിടത്തിന്റെ താഴെ നിലയിലെ ഓഫീസിലേക്ക് പോയ കുട്ടിയെ പിന്തുടർന്ന് ശുചിമുറിയിൽ കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കുകയായിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല.
സന്ധ്യ കഴിഞ്ഞും ക്ഷീണിതയായി കാണപ്പെട്ട കുട്ടിയോട് കുടുംബാംഗം വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിറ്റേദിവസം കുടുംബം മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അന്നു തന്നെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
പ്രതിയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണ് പരിശോധിച്ചതിൽ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. മാത്രമല്ല പ്രതിയുടെ അടിവസ്ത്രം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിലും തെളിവുകൾ ലഭിച്ചിരുന്നു. കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതയുള്ള മദ്രസാ അധ്യാപകൻ റംസാൻ മാസത്തിൽ വ്രതമനുഷ്ഠിച്ച ബാലികയോട് കാണിച്ചത് നിഷ്ഠുരമായ പ്രവൃത്തിയാണെന്ന് കോടതി നിരീക്ഷിച്ചു.
12 വയസിന് താഴെ പ്രായമുള്ള കുട്ടിയെ ബലാൽസംഗം ചെയ്തതിന് പോക്സോ ആക്ടിലെ അഞ്ച് (എം) പ്രകാരം 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. അധ്യാപകൻ വിദ്യാർഥിയെ ബലാൽസംഗം ചെയ്തതിന് അഞ്ച് (എഫ്) വകുപ്പു പ്രകാരം ഇതേ ശിക്ഷ തന്നെ അനുഭവിക്കണം.
കുട്ടിക്ക് അശ്ലീല ചിത്രം കാണിച്ചു നൽകിയതിന് 11(മൂന്ന്) വകുപ്പ് പ്രകാരവും കുട്ടിക്ക് സ്വകാര്യ ഭാഗം കാണിച്ചു നൽകിയതിന് 11(ഒന്ന്) വകുപ്പ് പ്രകാരവും മൂന്നു വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷയനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം.
പ്രതിയുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും തടവ് ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു.