കേരളം തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക്
സ്വന്തം ലേഖകൻ
Monday, July 14, 2025 6:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ മുന്നണികളും രാഷ്്്ട്രീയപാർട്ടികളുമൊക്കെ തദ്ദേശ തെരഞ്ഞെടുപ്പു മുഖ്യ ചർച്ചാ വിഷയമാക്കിയതിനു പിന്നാലെ കേരളം വീണ്ടും തെരഞ്ഞെടുപ്പു ചർച്ചകളിലേക്ക്. വരുന്ന ഒക്ടോബറിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറങ്ങുമെന്നാണു കരുതുന്നത്.
ഒക്ടോബർ അവസാനത്തോടെയെങ്കിലും തദ്ദേശ സ്ഥാപന വിജ്ഞാപനം ഇറങ്ങിയാൽ മാത്രമേ ഡിസംബർ 21നു പുതിയ ഭരണ സമിതികൾക്ക് അധികാരം ഏറ്റെടുക്കാൻ കഴിയുകയുള്ളു.
തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാർഡ് പുനർവിഭജന നടപടികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ഏതാണ്ട് അവസാനഘട്ടത്തിലായി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗവും കമ്മീഷൻ ഈ ആഴ്ച വിളിച്ചിട്ടുണ്ട്.
നേരത്തേ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനായിരുന്നു പുതിയ തദ്ദേശ സ്ഥാപന ഭരണസമിതികൾ നിലവിൽ വന്നിരുന്നത്. എന്നാൽ, 2020ലെ കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടു. നിലവിലെ ഭരണസമിതികൾക്ക് ഡിസംബർ 20വരെ കാലാവധിയുണ്ട്. പുതിയ ഭരണസമിതികൾ ഡിസംബർ 21നു ചുമതലയേൽക്കണം. ഇക്കാര്യങ്ങൾ മുൻകൂട്ടിക്കണ്ടുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലുള്ള വാർഡ് പുനർവിഭജനം പൂർത്തിയായി.
14 ജില്ല പഞ്ചായത്തുകളിലെ വാർഡ് വിഭജനമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിന്റെ കരട് റിപ്പോർട്ട് 21ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള 331 വാർഡുകൾ 346 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 187 വാർഡുകൾ കൂടി. ആകെ വാർഡുകൾ 2080ൽ നിന്ന് 2267 ആയി ഉയർന്നു.
941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി വർധിച്ചു. 87 മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ പുതുതായി നിലവിൽ വന്നു. ആറ് കോർപറേഷനുകളിൽ ഏഴുവാർഡുകളും കൂടി.