ഭീതിയൊഴിയാതെ മണ്ണാർക്കാട്
Monday, July 14, 2025 6:12 AM IST
ചെറിയ പനിവന്നാൽപ്പോലും മണ്ണാർക്കാട് മേഖലയിലുള്ളവർ ഭീതിയിലാണ്. നിപ്പ ആശങ്ക വിട്ടൊഴിഞ്ഞെന്നു ആരോഗ്യവകുപ്പ് അധികൃതർ പറയുംവരെ ഇതു തുടരും. രണ്ടാമത്തെയാഴ്ചയും കടക്കുകയാണ് മേഖലയിലെ നിപ്പ രോഗവ്യാപന ഭീതി.
അധികൃതർ ജാഗ്രതയോടെ രംഗത്തുണ്ടെങ്കിലും ഓരോ കുടുംബത്തിലും നിറയുന്നത് ആശങ്ക. ശനിയാഴ്ച പനി ബാധിച്ച അന്പത്തിയെട്ടുകാരന്റെ മരണം നിപ്പ മൂലമാണെന്നു സ്ഥിരീകരിച്ചതോടെ മേഖലയിലെന്പാടും അശാന്തി പടരുകയാണ്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ അന്പത്തിയെട്ടുകാരൻ മരിച്ചത്. നിപ്പയുടെ ലക്ഷണങ്ങൾ കണ്ടതിനാൽ സ്രവ സാംപിൾ മഞ്ചേരി മെഡിക്കൽ കോളജ് ലാബിൽ പരിശോധിച്ചിരുന്നു. പോസിറ്റീവാണെന്നു സ്ഥിരീകരണവും വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.
മരിച്ചയാളുടെ സ്രവം വിദഗ്ധ പരിശോധനക്കായി പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച മുന്പ് ഇയാൾ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതാണ് അധികൃതരെ വെട്ടിലാക്കിയിരിക്കുന്നത്. ഇയാളുടെ റൂട്ട്മാപ്പും മറ്റും തയാറാക്കുന്ന തിരക്കിലാണ് ആരോഗ്യവകുപ്പ്.
കുമരംപുത്തൂർ ചങ്ങലീരിയിൽ മരിച്ചയാളുടെ വീടിനു മൂന്നു കിലോമീറ്റർ ചുറ്റളവിൽ ക്വാറന്റൈൻ പ്രഖ്യാപിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവർ ഹോം ക്വാറന്റൈൻ ചെയ്യണമെന്നും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പരിശോധനയുമായി ആരോഗ്യവകുപ്പ്
കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും ഇന്നലെ ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോ എന്നാണ് പരിശോധിച്ചത്. കണ്ടെയ്ൻമെന്റ് സോൺ ഏരിയ ഉൾപ്പെടെയുള്ള കാര്യങ്ങളും തുടർനടപടികളും ഇന്നു പ്രഖ്യാപിക്കും.
കഴിഞ്ഞയാഴ്ച തച്ചനാട്ടുകരയിൽ മുപ്പത്തിയെട്ടുകാരിക്കു നിപ്പ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സമ്പർക്കപ്പട്ടികയിലുള്ളവർക്കെല്ലാം നിപ്പ നെഗറ്റീവ് ആയതിനാൽ ആശ്വാസത്തിലായിരുന്നു ജനങ്ങൾ. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും നിപ്പ സ്ഥിരീകരിച്ചതായി റിപ്പോർട്ടു വന്നത്.
തച്ചനാട്ടുകരയിൽനിന്ന് എട്ടു കിലോമീറ്റർ അകലെയാണ് ചങ്ങലീരി. തച്ചനാട്ടുകരയിൽ നിപ്പ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ടയാളുമല്ല ചങ്ങലീരിയിൽ നിപ്പ ബാധിച്ച് മരിച്ചയാൾ. ആരോഗ്യവകുപ്പിനും ആശയക്കുഴപ്പം നിലനിൽക്കുന്പോൾ നിപ്പരോഗം മണ്ണാർക്കാട്ട് വ്യാപകമാവുമോയെന്ന ആശങ്കയാണു ജനങ്ങൾ പങ്കുവയ്ക്കുന്നത്.