നിപ്പ: പിടിതരാത്ത മഹാമാരിയെ പിടിച്ചുകെട്ടണം
ഇ. അനീഷ്
Monday, July 14, 2025 6:12 AM IST
നിപ്പയെന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിയിരിക്കുകയാണ് ആരോഗ്യമേഖല. കനത്ത ജാഗ്രതക്കിടയിലും വര്‍ഷംതോറും "മുടങ്ങാതെ' എത്തുന്ന നിപ്പയെ പിടിച്ചുകെട്ടാന്‍ കയ്യും മെയ്യും മറന്ന് നാടൊന്നാകെ ശ്രമിക്കുകയാണ്.
നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ പിടിതരാതെ നമ്പര്‍ വണ്‍ മഹാമാരിയായി നില്‍ക്കുകയാണ് നിപ്പ. 70 ശതമാനം മരണ നിരക്ക് എന്നതുതന്നെയാണ് നിപ്പയെ ഭീതിജനകമാക്കുന്നത്. കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ്പ കേസുകളും മേയ് മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണെന്ന് ആരോഗ്യ വകുപ്പ് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമ്മുടെ നാട്ടില്‍ എല്ലാ പഴവര്‍ഗങ്ങളും പാകമാകുന്നത് ഏതാണ്ട് ഈ സമയത്താണ്. മാത്രമല്ല വവ്വാലുകളുടെ ഇണചേരലും പ്രജനനവും നടക്കുന്ന സമയമാണ് ഇത്. പ്രജനനകാലത്ത് വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലാവുകയും അത് നേരിട്ടോ വവ്വാലുകള്‍ കടിച്ച് ഉപേക്ഷിക്കുന്ന പഴങ്ങള്‍ വഴിയോ, അവയുടെ വിസര്‍ജ്യം വഴിയോ, വാഴക്കൂമ്പുകളിലെ തേന്‍ പോലെയുള്ള വസ്തുക്കള്‍ വഴിയോ, ഇടനിലക്കാരായി നില്ക്കുന്ന മൃഗങ്ങള്‍ വഴിയോ മനുഷ്യരിലേക്ക് എത്തിച്ചേരുകയുമാണ് ചെയ്യുന്നത്.
എന്താണ് ഇതിനൊരു പ്രതിവിധി. കേരളത്തില്‍ ആദ്യമായി രോഗിയില്‍ നിപ്പ രോഗലക്ഷണം കണ്ടെത്തുകയും നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിലെ മുന്‍ നിര പോരാളിയുമായ ഡോ. എ.എസ്. അനൂപ് കുമാര്‍ "ദീപിക' യോട് സംസാരിക്കുന്നു.
നിപ്പ വീണ്ടുമെത്തുമ്പോള്‍
ഞാന്‍ മുന്‍പ് ജോലി ചെയ്ത ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിപ്പ വൈറസ് അണുബാധ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് ഒരേസമയം ഒരേ ലക്ഷണത്തോടെ എത്തിയ രോഗികളില്‍ നിന്നാണ് നിപ്പ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ തോന്നിയ സംശയം മണിപ്പാല്‍ വേറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ അരുണുമായി സംസാരിക്കുകയും നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.
ഒരു രോഗി മാത്രമായിരുന്നു അന്ന് എന്റെ അടുത്ത് ചികിത്സതേടി എത്തിയിരുന്നതെങ്കില്‍ ഒരുപക്ഷേ നിപ്പയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. ഒരു കൂട്ടം രോഗികള്‍ ഒരുമിച്ച് ആശുപത്രിയില്‍ ചികിത്സതേടിയെത്തി എന്നതാണ് പ്രാഥമികമായി നിപ്പയിലേക്ക് എത്തുന്നതിനു ചവിട്ടുപടിയായത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം രോഗലക്ഷണങ്ങള്‍ മാറുകയാണ്. മസ്തിഷ്ക വ്യതിയാനങ്ങള്‍ക്കപ്പുറം ശ്വാസം മുട്ടല്‍, ശ്വാസ തടസം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളും രോഗബാധിതര്‍ പ്രകടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്കും ജാഗ്രത വേണം.
മേയ് മുതല്‍ സെപ്റ്റംബര്‍ വരെ സൂക്ഷിക്കണം
വവ്വാലുകളുടെ പ്രജനനസമയമായ മേയ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിലാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പ വൈറസ് ബാധകളെല്ലാം ഉണ്ടായത്. നിപ്പ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തുതന്നെ തുടക്കത്തിലേ പറഞ്ഞതാണ്. പഴം തീനിവവ്വാലുകളില് മനുഷ്യനില്‍ രോഗമുണ്ടാക്കുന്ന ജനിതക ഘടനയുള്ളവ കാഷ്മീരിന്റെ ചില ഭാഗങ്ങളില്‍ ഒഴിച്ച് രാജ്യത്ത് എല്ലായിടത്തും ഉണ്ട്. ചില പാരിസ്ഥിതിക മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ അളവ് വര്‍ധിക്കുകയും അത് മനുഷ്യരിലേക്ക് പല വഴി എത്തപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് നിശ്ചിത കാലയളവിലാണ് സംഭവിക്കുന്നത്. ആ കാലയളവിലാണ് നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മൂലസ്രോതസുകള് വവ്വാലുകള്‍ തന്നെ
ആരോഗ്യ വകുപ്പ് നടത്തിയ വിവിധ പഠനങ്ങളില്‍ നിപ്പയുടെ മൂലകാരണം പഴംതീനി വവ്വാലുകളാണെന്ന് വ്യക്തമാണ്. എന്നാല്‍ മനസിലാകാത്തതും ഏറെ പഠനങ്ങള്‍ വേണ്ടതുമായ കാര്യം ആവാസ വ്യവസ്ഥയിലെ ഏത് മാറ്റങ്ങളിലാണ് വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത് എന്നതാണ്. ഏതെല്ലാം ഘടകങ്ങളാണ് വവ്വാലുകളിലെ വൈറസിനെ കൂടുതല്‍ മാരകമാക്കുന്നതും മനുഷ്യ ജീവനെ അപകടത്തിലേക്ക് എത്തിക്കുന്നതുമെന്നതാണ് ഇപ്പോഴും പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നത്.
മാരക വൈറസ് പുറത്തെത്തിയാല്‍ അത് അടയ്ക്ക, പഴങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതുവഴി മനുഷ്യരിലേക്ക് എത്തും എന്ന് പറയാമെങ്കിലും മനുഷ്യനെയും വൈറസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സോഴ്സ്’ എതാണെന്ന് കൃത്യമായി നമുക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. അത് പഠനം നടത്താത്തതുകൊണ്ടല്ല. നമുക്ക് പരിമിതികളുണ്ട്.
ഹോട്ട്സ്പോട്ടുകള്‍ കണ്ടുപിടിക്കണം
വവ്വാലുകളില്‍ വൈറസ് സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അതിനെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കണം. ഇങ്ങനെ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ നമ്മള് ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം സ്ഥലങ്ങളില്‍നിന്നും രോഗികള്‍ എത്തുമ്പോള്‍ അവരെ കാര്യമായി നീരിക്ഷിക്കാന്‍ കഴിയണം. അതുവഴി നേരത്തേ രോഗം കണ്ടു പിടിക്കാന്‍ സാധിക്കും. അത് വളരെ പ്രധാനമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ...
ഒരേസമയം പോസറ്റീവായതും നെഗറ്റീവായതുമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ യുവതി ഒരാഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗം കാണ്ടെത്താനായില്ലെന്നത് വീഴ്ചയാണ്.
നിപ്പ ഇതുവരെ സ്ഥിരീകരിച്ചതെല്ലാം സ്വകാര്യ ആശുപ്രതികളിലാണ് എന്നത് പ്രത്യേകം ഓര്‍ക്കണം. എന്നാല്‍ ഇത്തവണ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതേസമയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് ഇത് കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.
കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകെ ഊര്‍ജം പകരുന്നതാണിത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തലച്ചോറിലെ ചില വ്യതിയാനങ്ങള്‍ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് നിപ്പ സംശയമുണ്ടായത്. ഒരു ഫോറന്‍സിക് സര്ജന് ഇത്തരമൊരു സംശയമുണ്ടാകുന്നതുതന്നെ അപൂര്‍വമാണ്. ഇത്തരമൊരു സംശയം ഉണ്ടായിരുന്നില്ലെങ്കില്‍ സാധാരണ മരണമായി ഇത് കണക്കാക്കപ്പെട്ടേനെ.
വാക്സിനേഷന്
നിപ്പരോഗികളുടെ എണ്ണം വളരെ കുറവുമാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരിലും വാക്സിനേഷന് എന്നത് അപ്രായോഗികമാണ്. 2018 മുതല്‍ കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിന് പ്രതിരോധവും ആവശ്യമാണ്. വാക്സിനുകളെക്കുറിച്ച് വളരെ പോസറ്റീവായ പഠനങ്ങളാണ് നടക്കുന്നത്. രണ്ട് വാക്സിനുകള്‍ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞു.
ഒന്നാം ഘട്ട പഠനം കഴിഞ്ഞു. രണ്ടാം ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള വ്യാപനമുണ്ടാകുമ്പോള്‍ മാത്രമേ വാക്സിനെ ആശ്രയിക്കാന്‍ കഴിയൂ. വവ്വാലുകളില്‍ ഈ വൈറസ് ഉള്ളിടത്തോളംകാലം നിപ്പയെ നമുക്ക് പൂര്‍ണമായും തുടച്ചുനീക്കാന്‍ പറ്റില്ല.
ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം വേണം
നിപ്പ രോഗനിര്‍ണയത്തിന് ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം ആവശ്യമാണ്. സാധാരണ പനി, ന്യൂമോണിയ, ഒപ്പം മസ്തിഷ്ക വ്യതിയാനങ്ങള്‍, ശ്വാസം മുട്ടല്‍, ചുമ തുടങ്ങിയവ കണ്ടാല്‍ നിപ്പ സാധ്യതകൂടി മുന്‍കൂട്ടി കാണാന്‍ കഴിയണം. അതിന് ക്ലാസുകള്‍ ഉള്‍പ്പെടെ നല്കി ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് പ്രാപ്തരാക്കണം. നിലവില്‍ മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണ്. അത് കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതായിരിക്കണം ലക്ഷ്യം.
വെല്ലുവിളി
നിപ്പ വൈറസുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണവുമില്ലാത്ത പഠനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയില്ല. ബയോ ടെററിസത്തിന് സാധ്യതയുള്ള ഒരു വൈറസാണിത്. ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേന്ദ്രം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള പഠനമേ നടത്താനാകൂ. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ ഫലപ്രദമായ പഠനങ്ങള്‍ നടത്തുക എന്നതാണ് പോംവഴി. സംസ്ഥാനത്തിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല ഇത്. വിപരീത ഫലുമുണ്ടാകും എന്നതുതന്നെയാണ് ഇതിന് കാരണം.
നിപ്പയുടെ നാള്‍വഴി
2018 മേയ് മാസത്തില്‍ കോഴിക്കോടാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവുകയും അതില്‍ 18 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയുമുണ്ടായി. പിന്നീട് 2019 ജൂണില്‍ എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചു. 2021 സപ്റ്റംബറില് കോഴിക്കോട് ചാത്തമംഗലത്ത് വൈറസ് ബാധയുണ്ടായി. 12 വയസുകാരന് ജീവന് നഷ്ടമായി.
2023 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി കോഴിക്കോട് മരുതോങ്കര, ആയഞ്ചേരിയിലും നിപ്പ സ്ഥിരീകരിച്ചു. രണ്ടുപേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.
2024 ജൂലൈ 21ന് മലപ്പുറം പാണ്ടിക്കാട് 14 വയസുകാരനും നിപ്പയിലൂടെ ജീവന് നഷ്ടമായി. 2025ല്‍ ജൂലൈ ഒന്നിന് മലപ്പുറം മങ്കട സ്വദേശിനിയായ 18കാരി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരിച്ചു. 2025 ജൂലൈ 12ന് മണ്ണാർക്കാട് സ്വദേശി നിപ്പ ബാധിച്ച് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിൽ
മരിച്ചു.