ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കേസ്: നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ വിജിലന്‍സിന്
Monday, July 14, 2025 3:20 AM IST
കൊച്ചി: കേസ് ഒതുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ വിജിലന്‍സിന്.
കേസിലെ നാലാം പ്രതിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരും മുഖ്യപ്രതി ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍കുമാറും തമ്മില്‍ പ്രത്യേക ആപ്പിലൂടെ സംസാരിച്ചതിന്റെ തെളിവുകളാണ് അന്വേഷണസംഘത്തിനു ലഭിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയ പ്രതികളുടെ ഫോണില്‍നിന്നാണ് വിജിലന്‍സിന് ഈ രേഖകള്‍ ലഭിച്ചത്. ശേഖര്കുമാറിനെതിരായ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഇഡി വൈകാതെ ഇയാളെ ചോദ്യം ചെയ്തേക്കും.
കേസില്‍ ശേഖര്‍കുമാറിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം ഹര്ജിക്കാരന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ചോദ്യംചെയ്യലിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്താല്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കണമെന്നും ചോദ്യംചെയ്യലുമായി ഹര്ജിക്കാരന് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.