സ്കൂൾ സമയമാറ്റം: സർക്കാരിനെ വിരട്ടാൻ നോക്കേണ്ടെന്ന് ശിവൻകുട്ടി
Monday, July 14, 2025 6:12 AM IST
തിരുവനന്തപുരം: കോടതി ഉത്തരവും കേരള വിദ്യാഭ്യാസ ചട്ടവും (കെഇആർ) അനുസരിച്ചാണ് സ്കൂൾ സമയം ക്രമീകരിച്ചിരിക്കുന്നതെന്നും അതിൽ പുനരാലോചനയില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വ്യത്യസ്ത അഭിപ്രായമുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും.
എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ അതു ചർച്ചയിലൂടെ ഒഴിവാക്കും. ഏത് നല്ല കാര്യം ചെയ്താലും അതിനെ ദുഷ്ടലാക്കോടെ കണ്ട് സമരം പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാകില്ല. ഒരു സംഘടനയെയും വെല്ലുവിളിച്ചിട്ടില്ല. എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെയാണ് വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനു മാതൃകയായതെന്ന് മന്ത്രി പറഞ്ഞു.
ഹൈസ്കൂൾ വിഭാഗത്തിനു മാത്രമാണ്് രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതം വർധിപ്പിച്ചത്. കെഇആർ പ്രകാരം 1100 ബോധന മണിക്കൂർ (220 ദിവസം) വേണം. വെള്ളിയാഴ്ചകളെ ഒഴിവാക്കിയാണ് ഈ സമയക്രമം നടപ്പാക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ സ്കൂൾ കലണ്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ പ്രവൃത്തിദിനങ്ങൾ കുറവാണ്.
കേരളത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ ഉൾപ്പെടെ പ്രവൃത്തിദിനങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളേക്കാൾ കൂടുതലാണ് എന്നത് കണക്കിലെടുക്കണം. ഇതിൽ ആരും വിവാദം ഉണ്ടാക്കുന്നില്ല. പ്രത്യേക സമൂഹത്തിന്റെ പേരുപറഞ്ഞ് സർക്കാരിനെ വിരട്ടാൻ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.