ഖാദിത്തൊഴിലാളികൾക്ക് ഇനിയും കിട്ടാനുണ്ട് എട്ടു മാസത്തെ ശന്പളക്കുടിശിക
Wednesday, September 18, 2024 1:57 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: തിരുവോണത്തിനു പട്ടിണിക്കിട്ടില്ലെന്നേയുള്ളൂ, ഇനിയുള്ള ദിവസങ്ങളും ഖാദിത്തൊഴിലാളികൾ മുണ്ടുമുറുക്കിവേണം എല്ലുമുറിയെ പണിയെടുക്കാൻ. ഓണക്കാലത്തെ അനിശ്ചിതകാല സമരംകൊണ്ട് തൊഴിലാളികൾക്ക് അനുവദിച്ചുകിട്ടിയത് 14 മാസത്തെ ശന്പളക്കുടിശികയിൽ ആറുമാസത്തെ ശന്പളംമാത്രം.
ബാക്കിയുള്ള എട്ടുമാസത്തെ കുടിശികത്തുക എന്നുകിട്ടുമെന്നോ അതിനെത്ര സമരങ്ങൾ വേണ്ടിവരുമെന്നോ യാതൊരു നിശ്ചയവുമില്ല. സമരംചെയ്യാതെ ഒരിക്കൽപോലും ശന്പളക്കുടിശികയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ച ചരിത്രവുമില്ല.
സെപ്റ്റംബർകൂടി കഴിഞ്ഞാൽ, കേരളക്കരയെ ഓണക്കോടിയുടുപ്പിച്ച ഖാദിത്തൊഴിലാളികളുടെ കുടിശികക്കലണ്ടറിൽ ഒരുമാസംകൂടി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കും. ഉത്സവബത്തയായ 1,750 രൂപകൂടി അനുവദിച്ചുകിട്ടിയതാണ് ഇത്തവണത്തെ ഓണക്കാല സമരത്തിലെ ബോണസ്.
ഖാദിത്തൊഴിലാളിക്ക് കൂലി കിട്ടണമെങ്കിൽ ഒരു ദിവസം മിനിമം 24 കഴിയെടുക്കണം. നൂലിന്റെ കനത്തിനും നെയ്ത്തിന്റെ വൈവിധ്യങ്ങൾക്കുമനുസരിച്ചാണ് ഓരോരുത്തരുടെയും കൂലി. അതുകൊണ്ടുതന്നെ ഒരോ തൊഴിലാളിക്കും പല തരത്തിലായിരിക്കും ദിവസക്കൂലി. ഇപ്പോൾ കിട്ടിയ ആറുമാസത്തെ കുടിശികയിൽ 35,000- 45,000 രൂപവരെയാണു തൊഴിലാളികൾക്കു പരമാവധി കിട്ടിയത്.
ശന്പളക്കുടിശികയെതുടർന്നു മുഴുപ്പട്ടിണിയിലായ അവസ്ഥയിൽ കഴിഞ്ഞ ജൂണിൽ ഖാദിത്തൊഴിലാളികൾ സമരംനടത്തിയപ്പോൾ ഓഗസ്റ്റിൽ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നിട്ടും കിട്ടാതായപ്പോഴാണ് ഓണത്തിനുമുന്പെങ്കിലും കുടിശികത്തുക വാങ്ങിയെടുക്കാൻ അനിശ്ചിതകാലസമരം തുടങ്ങിയത്.
അങ്ങനെയാണ് ഉത്സവബത്തയും ആറുമാസത്തെ ശന്പളക്കുടിശികയും അനുവദിച്ചുകിട്ടിയത്. മറ്റു തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും ബോണസും അലവൻസും അഡ്വാൻസും കൊടുക്കുന്പോഴാണു ഖാദിത്തൊഴിലാളികളോടുള്ള സർക്കാർ അവഗണന.
സംസ്ഥാനത്ത് മൊത്തം പതിനായിരത്തോളം ഖാദിത്തൊഴിലാളികളുണ്ട്. ശന്പളം ശരിയായി കിട്ടാത്തതിനെത്തുടർന്ന് കൈത്തഴക്കമുള്ള ആയിരത്തോളം തൊഴിലാളികളാണു സുരക്ഷിത തൊഴിൽതേടി ഒരുവർഷത്തിനിടെ കൊഴിഞ്ഞുപോയത്.
കുടിശികയില്ലാതെ അതതുമാസം ശന്പളം വാങ്ങാനുള്ള അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ഖാദിയെ നെഞ്ചോടുചേർത്ത അവശേഷിക്കുന്ന തൊഴിലാളികൾ.