ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്കു വഴിതെറ്റുന്നുവെന്ന് പി. ജയരാജൻ
Tuesday, September 17, 2024 1:49 AM IST
കണ്ണൂർ: കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. ഒരു പ്രാദേശിക ചാനലിനു നല്കിയ അഭിമുഖത്തിലാണ് കേരളത്തിൽനിന്ന് ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്നും കണ്ണൂരിൽനിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്കു പോകുന്നതെന്നും അഭിമുഖത്തിൽ ജയരാജൻ പറയുന്നു. ജയരാജൻ എഴുതുന്ന പുസ്തവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ്, സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരൂന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.
ലോകത്താകെ ഇസ്ലാമിക തീവ്രവാദം വർധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽനിന്നുള്ള യുവാക്കൾ ഐഎസിലേക്കു പോകുന്നു. ഇതിനെ ഗൗരവമായി കാണണം. കണക്കുകൾ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്നുപറച്ചിൽ.
ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കാഷ്മീരിൽ കൊല്ലപ്പെട്ട കണ്ണൂരുകാരായ നാലു ചെറുപ്പക്കാരെക്കുറിച്ചും ജയരാജൻ സംസാരിക്കുന്നുണ്ട്. മുൻ ജില്ലാ സെക്രട്ടറികൂടിയായ ജയരാജന്റെ പുസ്തകത്തിൽ, കണ്ണൂരിലെ യുവാക്കളിൽ ഇസ്ലാമിക ഭീകരസംഘടനകൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഉണ്ടെന്നാണ് വിവരം. ഒക്ടോബറിൽ പുസ്തകം പുറത്തിറങ്ങും.
പുസ്തകത്തിനെതിരേ വലിയ വിമർശനമുണ്ടാകുമെന്നും അതിനെയൊന്നും താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യരീതിയിൽ വിമർശനമുണ്ടാകണം. പക്ഷേ, നിലവിലെ സ്ഥിതിക്കു മാറ്റം വേണമെന്നും ജയരാജൻ വ്യക്തമാക്കുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിനു സിപിഎം കുടപിടിക്കുകയാണെന്ന വിമർശനത്തിനിടെയാണ് പി. ജയരാജന്റെ പുസ്തകമെഴുത്ത്.