ഇനി കുറ്റകൃത്യത്തിനില്ല!; കൊച്ചി പോലീസിന്റെ ബോണ്ടിൽ ഒപ്പുവച്ച് 400 കുറ്റവാളികൾ
Saturday, September 14, 2024 3:04 AM IST
സീമ മോഹൻലാൽ
കൊച്ചി: കുറ്റകൃത്യത്തിൽ ഇനി ഉൾപ്പെടില്ലെന്നു കൊച്ചി സിറ്റി പോലീസുമായി ബോണ്ട് ഒപ്പുവച്ച് നാനൂറോളം കുറ്റവാളികൾ. ഒന്നിലധികം കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരാണു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ബോണ്ട് ഒപ്പിട്ടത്.
സംസ്ഥാനത്ത് ഇത്രയധികം പേരെക്കൊണ്ടു ബോണ്ട് ഒപ്പിടുവിക്കുന്നത് ആദ്യമായാണെന്നു സ്ഥാനമൊഴിഞ്ഞ സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. പുതിയ ബിഎൻഎസ് 126, 129 വകുപ്പുകൾ പ്രകാരമാണു നടപടി. നിയമപ്രകാരം നാട്ടിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണു ബോണ്ട് ഒപ്പിടൽ.
ബോണ്ട് വ്യവസ്ഥ ലംഘിച്ചാൽ കുറ്റകൃത്യം നടത്തിയയാൾ വീണ്ടും റിമാൻഡിലാകും. ബോണ്ടിൽ ഒപ്പിടുന്നവർക്കു രണ്ട് ആൾജാമ്യം വേണം. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ഒരു ലക്ഷം രൂപ വരെയുള്ള ബോണ്ടുകളുണ്ട്.
ഒരു വർഷമാണ് ഇതിന്റെ കാലാവധി. ബോണ്ടിന് അനുമതി നൽകുന്നത് സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ്. കുറ്റകൃത്യം ചെയ്തയാളുടെ ഭാഗം കേട്ടശേഷമായിരിക്കും തീരുമാനം. അനുമതി നൽകുന്നതിനു പുറമേ ആവശ്യമെങ്കിൽ കാലാവധി ചുരുക്കുന്നതിനുള്ള അധികാരവും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനുണ്ട്.
ബോണ്ട് ഒപ്പിടേണ്ട കുറ്റവാളികളുടെ റിപ്പോർട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കു നൽകും. എസിപിയാണ് ഇതു സബ് ഡിവിഷണൽ മജിസ്ട്രേറ്റിനു കൈമാറുന്നത്.