ഭവനനിർമാണ പദ്ധതിയിൽനിന്നു പണം തട്ടി: മുൻ പട്ടികജാതി വികസന ഓഫീസർക്കു കഠിനതടവും പിഴയും
Saturday, September 14, 2024 2:22 AM IST
മൂവാറ്റുപുഴ: പട്ടികജാതിക്കാർക്കുള്ള ഭവനനിർമാണ പദ്ധതിയിൽനിന്നു വ്യാജ രേഖകൾ ഉപയോഗിച്ച് 11.90 ലക്ഷം തട്ടിയെടുത്ത കേസിൽ മുൻ പട്ടികജാതി വികസന ഓഫീസർക്കു വിവിധ വകുപ്പുകളിലായി ഏഴു വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. ദേവികുളം മുൻ പട്ടികജാതി ഓഫീസർ ഡി.പി. ക്രിസ്റ്റഫർ രാജി(74)നെയാണു മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചത്.
മറയൂർ വില്ലേജിലെ കോച്ചാരം പ്രദേശത്തു ഭവനരഹിതരായിട്ടുള്ള 34 പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ദേവികുളം പട്ടികജാതി ഓഫീസിൽനിന്ന് വീടു നിർമിക്കുന്നതിന് അനുവദിച്ച ഫണ്ടിൽനിന്നാണു പണം തട്ടിയത്. വീടു നിർമിക്കാൻ പണം നൽകിയതായുള്ള വ്യാജ രേഖകൾ തയാറാക്കിയാണ് ക്രമക്കേട് നടത്തിയത്. അർഹരായ ഭൂരിഭാഗം പേർക്കും തുക ലഭിച്ചില്ല.
ഇതേത്തുടർന്നു നൽകിയ പരാതിയിൽ ഇടുക്കി വിജിലൻസ് 2006ൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. 18 വർഷത്തിനുശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
അഴിമതിനിരോധ നിയമത്തിലെ 13 (2) സെക്ഷൻ പ്രകാരം മൂന്നുവർഷം കഠിനതടവും 15 ലക്ഷം രൂപ പിഴയും 409 ഐപിസി പ്രകാരം മൂന്നുവർഷം കഠിനതടവും 15 ലക്ഷം രൂപ പിഴയും 465 ഐപിസി പ്രകാരം ഒരു വർഷം കഠിനതടവുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.