എൽഡിഎഫിൽ ഘടകകക്ഷികളേക്കാൾ സ്വാധീനം ആർഎസ്എസിന്: വി.ഡി. സതീശൻ
Friday, September 13, 2024 2:27 AM IST
തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഘടകകക്ഷികളേക്കാൾ സ്വാധീനം ആർഎസ്എസിനാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. എഡിജിപി എം.ആർ. അജിത്കുമാറിനെ മാറ്റില്ലെന്നു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ഇതിനുള്ള തെളിവാണ്.
മോശം ട്രാക്ക് റിക്കാർഡോ അഴിമതിയോ ഇല്ലാത്ത മലപ്പുറം എസ്പിക്കെതിരേ നടപടിയെടുത്തത് ആഭ്യന്തര വകുപ്പിനെതിരേ ആരോപണമുന്നയിക്കുന്ന ഭരണകക്ഷി എംഎൽഎയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
സ്കോട്ലൻഡ് യാർഡിനെ വെല്ലുന്ന കേരള പോലീസിനെ ഏറാൻമൂളികളുടെ സംഘമാക്കി പിണറായി വിജയനും സംഘവും മാറ്റിയെന്നും വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന രാഷ്ട്രീയവിഷയം എൽഡിഎഫ് യോഗത്തിന്റെ അജൻഡയിൽപ്പോലും ഇല്ലായിരുന്നുവെന്നത് അദ്ഭുതകരമാണ്. ദയനീയ സ്ഥിതിയിലാണ് ഘടകകക്ഷികൾ. സിപിഐക്കു മുന്നണിയിൽ എന്തു വിലയാണുള്ളതെന്ന് അവർതന്നെ പരിശോധിക്കട്ടെ.
പുറത്ത് ആഞ്ഞടിക്കുന്നുവെന്നു മാധ്യമങ്ങൾ പറഞ്ഞ സിപിഐ സെക്രട്ടറി അകത്ത് എന്തു ചെയ്തുവെന്ന് അറിയില്ല. യോഗം കഴിഞ്ഞപ്പോൾ സിപിഐയേക്കാൾ സ്വാധീനം ആർഎസ്എസിനാണെന്നു വ്യക്തമായി. മര്യാദയ്ക്കിരുന്നാൽ മതിയെന്ന സന്ദേശമാണു ഘടകകക്ഷികൾക്കു സിപിഎം നൽകുന്നത്.
എൽഡിഎഫ് കണ്വീനറെ പ്പോലുള്ള പാവങ്ങൾക്ക് ഇതിൽ ഒരു കാര്യവുമില്ല. തൃപ്തിയോടെയല്ല, നിവൃത്തിയില്ലാത്തതുകൊണ്ടു സംസാരിക്കുന്നു എന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇടതുപക്ഷ സഹയാത്രികർ പോലും ഈ സർക്കാരിനെ വെറുക്കുകയാണെന്നും സതീശൻ പറഞ്ഞു.
മണ്ണിടിച്ചിൽ ദുരന്തമുണ്ടായതിനു ശേഷം വയനാട്ടിലെത്തിയപ്പോൾ ശ്രുതിയെയും ജെൻസണെയും കണ്ടിരുന്നു. ജെൻസന്റെ വിയോഗത്തോടെ ശ്രുതി ഒറ്റയ്ക്കല്ല. മകളെപ്പോലെ ആവശ്യമായ എല്ലാ സഹായവും നൽകും. ശ്രുതിക്കു സർക്കാർ ജോലി നൽകുന്നതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.