ഫോണ് ചോർത്തിയവർക്കെതിരേ എന്തു നടപടിയെടുത്തു: ഗവർണർ
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു നിയമവിരുദ്ധമായി നടന്ന ഫോണ് ചോർത്തലിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ മന്ത്രിമാരുടേതടക്കമുള്ള ഫോണ് ചോർത്തിയെന്ന പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ എന്ത് അന്വേഷണമാണു നടക്കുന്നതെന്നും കത്തിൽ ചോദിച്ചു.
ടവർ സ്ഥാപിച്ചു ഫോണ് ചോർത്തിയെന്ന വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണ്. രാജ്യസുരക്ഷയ്ക്കുതന്നെ ഇതു ഭീഷണി ഉയർത്തും. ഇക്കാര്യത്തിൽ അന്വേഷണം വേണം. അൻവർ പുറത്തു വിട്ട ഓഡിയോ ക്ലിപ്പ് സംബന്ധിച്ചും അന്വേഷണം വേണമെന്നു ഗവർണറുടെ കത്തിൽ നിർദേശിച്ചു. ഫോണ് ചോർത്തലുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു ഗവർണർ കത്തു നൽകിയതോടെ സർക്കാർ കൂടുതൽ വെട്ടിലായി.
കഴിഞ്ഞ കുറച്ചു നാളായി ഗവർണറുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മുഖ്യമന്ത്രിയും സർക്കാരും മറുപടി നൽകാറില്ല. ഇപ്പോൾ ഗവർണർ ചോദിച്ചിട്ടുള്ള ഇത്രയും ഗുരുതരമായ സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകുമെന്നാണു രാജ്ഭവൻ പ്രതീക്ഷ.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും അടക്കമുള്ള ഫോണ് വിളികൾ എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിൽ വ്യാപകമായി ചോർത്തിയെന്നാണ് പി.വി. അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത്.