എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണം: എഐവൈഎഫ്
Wednesday, September 11, 2024 2:17 AM IST
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിലെ ക്രിമിനൽവത്കരണത്തെക്കുറിച്ച് എഡിജിപി എം.ആര്. അജിത്കുമാറിനെ മാറ്റിനിര്‍ത്തി സമഗ്രാന്വേഷണം നടത്തണമെന്ന് എഐവൈഎഫ്.
ക്രിമിനലുകളും കൊലപാതകികളുമടക്കമുള്ള ചിലര്‍ പോലീസ് തലപ്പത്ത് സ്വൈരവിഹാരം നടത്തുകയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ക്രമസമാധാനപാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യ വിവര ശേഖരണ സംവിധാനത്തെ പ്പോലും ദുരുപയോഗം ചെയ്യുന്നുവെന്നുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അതിലേക്കു നയിച്ച സാഹചര്യങ്ങളിലും ആര്‍എസ്എസ് നേതൃത്വത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.