മാര്‍ റാഫേല്‍ തട്ടിലിന്റെ ഗ്രേറ്റ് ബ്രിട്ടന് രൂപത സന്ദർശനം ഇന്നുമുതൽ
Wednesday, September 11, 2024 1:47 AM IST
കൊച്ചി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനായി പുറപ്പെട്ടു.
മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത പിആര്‍ഒ റവ.ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.
ഇന്നുമുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്കേന്ദ്രങ്ങളും മാര്‍ തട്ടില്‍ സന്ദര്‍ശിക്കും. ഇന്ന് ഹീത്രു വിമാനത്താവളത്തില്‍ എത്തുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
നാളെ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപതയിലെ വൈദിക സമ്മേളനത്തെ മേജര്‍ ആര്‍ച്ച്ബിഷപ് അഭിസംബോധന ചെയ്യും. 15ന് വൂള്‍വര്‍ ഹാംപ്ടണില്‍ 1500ല്‍പ്പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന ‘ഹന്തൂസാ’ എസ്എംവൈഎം കണ്വന്ഷന് മാര്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
16ന് ബിര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത പുതുതായി വാങ്ങിയ മാര്‍ യൗസേപ്പ് അജപാലന ഭവനത്തിന്റെയും രൂപത ആസ്ഥാനത്തിന്റെയും വെഞ്ചരിപ്പ് കര്‍മവും അദ്ദേഹം നിര്‍വഹിക്കും. 21ന് ബെഥേല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന വിമന്‍സ് ഫോറം വാര്‍ഷിക കണ്വന്ഷന് മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്യും.
വെസ്റ്റ് മിൻസ്റ്റര്‍ ആർച്ച്ബിഷപ് കർദിനാൾ വിന്‍സന്റ് നിക്കോള്‍സ്, ഇംഗ്ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് മിഗ്വല്‍ മൗറി എന്നിവരുമായും മാര്‍ റാഫേല്‍ തട്ടില്‍ കുടിക്കാഴ്ചകള്‍ നടത്തും.
ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശാകര്‍മവും രൂപതയിലെ വിവിധ റീജണുകളിലെ 15 പുതിയ മിഷന്‍കേന്ദ്രങ്ങളുടെ പ്രഖ്യാപനവും മാര്‍ തട്ടില്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായുള്ള അഞ്ച് ഇടവകകള്‍ സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.