കൂടെപ്പോയവരുടെ പേരുകൾ കേട്ടാല്‍ ഞെട്ടും: വി.ഡി. സതീശന്
Tuesday, September 10, 2024 1:48 AM IST
കോഴിക്കോട് : ആര്‍എസ്എസ് നേതാവ് റാം മാധവിനെ കാണാന്‍ എഡിജിപി എം.ആര്. അജിത്കുമാര്‍ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളുകളുടെ പേരുകേട്ടാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ബിസിനസിനപ്പുറം ബന്ധമുള്ള ആളുകളാണ് ഒപ്പമുണ്ടായിരുന്നതെന്ന് കാലിക്കട്ട് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സതീശന് പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കണമെന്നും അതിനു പകരമായി ഉപദ്രവിക്കില്ലെന്നുമാണു ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശം. പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസില്‍ നാലാമനായി മന്ത്രിസഭയിലെതന്നെ ഉന്നതനുണ്ട്. കോക്കസിലെ രണ്ടു പേരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.
പിആര്‍ഡിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരാളുടെ പേര് ഉടനെ പുറത്തുവരും.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിനു രണ്ടു കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നു ഭരണകക്ഷി എംഎല്‍എയാണു പറഞ്ഞത്. അതു തെറ്റാണെങ്കില്‍ അയാള്‍ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തെത്തുടര്‍ന്ന് നടക്കുന്ന അന്വേഷണം പ്രഹസനമാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് എഴുതേണ്ട ആളാണ് എഡിജിപിയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയതിനെക്കുറിച്ചും അതിനു പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചും ജുഡീഷല്‍ അന്വേഷണം നടത്തണം. പൂരം നടത്തുന്നതിനു പോലീസിന് പ്ലാനുണ്ട്. വര്‍ഷങ്ങളായി ഭംഗിയായി ആ പ്ലാന്പ്രകാരമാണു നടത്തുന്നത്. ആ പ്ലാനുമായി കമ്മീഷണര്‍ വന്നപ്പോള്‍ എഡിജിപി എം.ആര്. അജിത്കുമാര്‍ നിരസിച്ചു. പകരം പുതിയ പ്ലാന്‍ നിര്‍ദേശിച്ചു. ഇതോടെ പൂരം കലങ്ങി. ഇത് കാഫിര്‍ വിവാദം പോലെ ഗൗരവമുള്ളതാണ്.
സാമൂഹികവും രാഷ്ട്രീയവുമായി ഭിന്നിപ്പുണ്ടാക്കി ജയിക്കാന്‍ വേണ്ടിയുള്ള തന്ത്രമായിരുന്നു കാഫിര്‍ വിവാദം. അതു പൊളിഞ്ഞു. വടക്കേ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള വിത്തുകള്‍ പാകും.അതുപോലെയുള്ള ഭിന്നതയുണ്ടാക്കി ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണു പൂരംകലക്കല്‍. ശബരിമലയിൽ കഴിഞ്ഞ സീസണില്‍ മോശമായ പ്ലാനിംഗായിരുന്നു നടത്തിയത്.
സര്‍ക്കാരിന്റെ ഓണസമ്മാനമാണു വിലക്കയറ്റമെന്നു സതീശന് പറഞ്ഞു. വിപണിയില്‍ കൃത്രിമ വിലക്കയറ്റം തടയേണ്ട സര്‍ക്കാര്‍ ഓണച്ചന്തയ്ക്കൊപ്പം 10 ഇനങ്ങളുടെ വില വര്‍ധിപ്പിച്ചു. അതുതന്നെ വിലക്കയറ്റത്തിനു കാരണമായി. കെഎസ്ഇബിക്ക് 4.29 രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ ഇടത് സര്‍ക്കാര്‍ അഴിമതിയാണെന്നു പറഞ്ഞു റദ്ദാക്കി.
എന്നാല്‍, ഇപ്പോള്‍ എട്ട് മുതല്‍ 12 രൂപയ്ക്ക് വരെയാണു വൈദ്യുതി വാങ്ങുന്നത്. 20 കോടിയുടെ നഷ്ടമാണു ദിവസവും വൈദ്യുതി ബോര്‍ഡിനുണ്ടാകുന്നത്. തെറ്റായ നടപടിയുടെ പാപഭാരം സാധാരണക്കാരില്‍ കെട്ടിവയ്ക്കുകയാണു ചെയ്യുന്നത്.
രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ പി.ആര്. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കാത്തതിനു കാരണം മന്ത്രിമാര്‍ തമ്മിലുള്ള അടിയാണെന്നും അദ്ദേഹം പറഞ്ഞു.