സംശയനിഴലിൽ സർക്കാരിന്റെ രാസപരിശോധനാ ഫലങ്ങൾ
ബിനു ജോർജ്
Monday, September 9, 2024 3:51 AM IST
കോഴിക്കോട്: ക്രിമിനൽ കേസുകളിലെ നീതിനിർവഹണത്തിൽ സാന്പിളുകളുടെ ശാസ്ത്രീയമായ രാസപരിശോധനാ ഫലം നിർണായകമാണെന്നിരിക്കേ, കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിൽനിന്നുളള പരിശോധനാ ഫലങ്ങളെ എങ്ങനെ വിശ്വസിക്കാനാവുമെന്ന ചോദ്യമുയർത്തി സംസ്ഥാന ഭരണപരിഷ്കാര വകുപ്പിന്റെ പഠനറിപ്പോർട്ട്.
ആഭ്യന്തര വകുപ്പിനു കീഴിൽ സ്വതന്ത്ര വകുപ്പായി പ്രവർത്തിച്ചുവരുന്ന കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എന്താണു കാരണമെന്നറിയാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന പരാമർശങ്ങളുള്ളത്.
എറണാകുളം ലബോറട്ടറിയിൽ 1998 മുതലുള്ള മനുഷ്യരുടെ ആന്തരികാവയവ സാന്പിളുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ, ചില കേസുകളുമായി ബന്ധപ്പെട്ട സാന്പിളുകൾ പൂർണമായും ജീർണിച്ചുനശിച്ചതായി പഠനസംഘം കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേടാകാതിരിക്കാനുള്ള ദ്രാവകം നിറച്ച കണ്ടെയ്നറുകളിലാണ് ആന്തരികാവയവ സാന്പിളുകൾ സൂക്ഷിക്കുന്നത്. കണ്ടെയ്നറുകൾ പൊട്ടിയതു വഴി ദാവകം നഷ്ടപ്പെട്ടാണ് ആന്തരികാവയവം നശിച്ചത്. ഇനി ഇത്തരം കേസുകളിൽ ഒരു പരിശോധന സാധ്യമല്ല. ചില സാന്പിളുകളുടെ ടാഗുകൾ നഷ്ടപ്പെട്ടു.
ഏതു കേസുമായി ബന്ധപ്പെട്ട സാന്പിളുകളാണിതെന്നു ഇനി തിരിച്ചറിയാൻ മാർഗമല്ല. ബയോളജിക്കൽ സാന്പിളുകൾ കുറഞ്ഞ ഉൗഷ്മാവിൽ (നാലു ഡിഗ്രി സെൽഷസ്) സൂക്ഷിക്കണം. പക്ഷേ ഇത്തരമൊരു ശീതീകരണ സംവിധാനം കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിന്റെ ഒരു ലബോറട്ടിയിലും നിലവിലില്ല.
സാന്പിളുകൾ സാധാരണ അന്തരീക്ഷ ഊഷ്മാവിലാണ് സൂക്ഷിച്ചുപോരുന്നത്. തൻമൂലം ബാഷ്പശീലമുള്ള വിഷ പദാർഥങ്ങൾ ഉൾപ്പെടെയുളള സാന്പിളുകളുടെ പല ഘടകങ്ങളും നഷ്ടപ്പെട്ടുപോകുമെന്നും അതു തെറ്റായ പരിശോധനാ ഫലമാണ് നൽകുകയെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ, ആന്തരികാവയവ സാന്പിളുകൾ സൂക്ഷിച്ചിരിക്കുന്ന രീതി നേരിട്ടു കണ്ടപ്പോൾ ‘ഷോക്കിംഗ്’ ആയിയെന്നും പഠനസംഘം എടുത്തുപറയുന്നുണ്ട്.
ലബോറട്ടറികളിൽ സ്ഥല സൗകര്യമില്ലാത്തതും ജീവനക്കാരുടെ കെടുകാര്യസ്ഥതയും പ്രഫഷണലിസമില്ലായ്മയും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മികച്ച ഉപകരണങ്ങൾ ലബോറട്ടറികളിലുണ്ടെങ്കിലും അവ പ്രവർത്തിപ്പിക്കാൻ പല ജീവനക്കാർക്കും താൽപര്യമില്ല. ജീവനക്കാർ പരന്പരാഗത രീതിയിലാണ് സാന്പിളുകൾ പരിശോധിക്കുന്നത്.
കേസുകൾ കെട്ടിക്കിടക്കാനുള്ള കാരണം ജീവനക്കാരുടെ കുറവിനൊപ്പം അവരുടെ ഉദാസീനതയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പരിശോധനാഫലം വൈകുന്നതിലൂടെ ക്രിമിനൽ കേസുകളിൽ തീർപ്പുകൽപ്പിക്കലും വൈകും. കുറ്റവാളികൾ നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടുന്നതിനു കാരണമാവുകയും ചെയ്യും. സാന്പിളുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം നീതിന്യായ നിർവഹണ പ്രക്രിയയിലെ കുപ്പിക്കഴുത്ത്’ ആണെന്നും ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തിലധികം സാന്പിളുകൾ
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു വിവിധ നീതിന്യായ കോടതികളും മറ്റ് അന്വേഷണ ഏജൻസികളും ലബോറട്ടറികളിലേക്ക് അയയ്ക്കുന്ന തൊണ്ടിവസ്തുക്കളുടെ രാസപരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ നൽകി നീതിനിർവഹണത്തിൽ ജുഡീഷറിയെ സഹായിക്കുകയാണു കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിന്റെ പ്രധാന ചുമതല. സെറോളജി, ടോക്സിക്കോളജി, എക്സൈസ്, നർക്കോട്ടിക്സ്, ജനറൽ കെമിസ്ട്രി എന്നീ വിഭാഗങ്ങളിലാണു രാസപരിശോധന നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് കെമിക്കൽ എക്സാമിനേഴ്സ് വകുപ്പിനു കീഴിൽ രാസപരിശോധനാ ലബോറട്ടറികളുള്ളത്.
ഈ വർഷം ഏപ്രിൽ 31 വരെയുള്ള കണക്കനുസരിച്ച് കെമിക്കൽ എക്സാമിനേഴ്സ് വകുപ്പിന്റെ മൂന്നു ലബോറട്ടറികളിലായി 62,558 കേസുകളിലെ 1,69,188 സാന്പിളുകളാണ് പരിശോധന കാത്തുകിടക്കുന്നത്. 2012-13 സാന്പത്തിക വർഷാവസാനം 31,257 കേസുകളാണു തീർപ്പാക്കാനായി ഉണ്ടായിരുന്നത്. 2023-24ആയപ്പോഴേക്കും കെട്ടിക്കിടക്കുന്ന സാന്പിളുകളുടെ എണ്ണത്തിൽ ഇരട്ടിയിലേറെയാണു വർധന. കെട്ടിക്കിടക്കുന്ന കേസുകളിൽ 98.7 ശതമാനവും ടോക്സിക്കോളജി, നർക്കോട്ടിക്സ്, എക്സൈസ് ഡിവിഷനുകളിലാണ്.