അബ്കാരിനിയമങ്ങൾ കാറ്റിൽ പറത്തി ലക്ഷദ്വീപിലേക്ക് കേരളത്തിൽനിന്നു മദ്യകയറ്റുമതി
കെ. ഇന്ദ്രജിത്ത്
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ വിനോദസഞ്ചാര വികസനത്തിനായി കേരളത്തിൽനിന്ന് മദ്യകയറ്റുമതി നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് ബിവറേജസ് കോർപറേഷനിൽ നിന്നു മദ്യം കൊണ്ടുപോകുന്നതിനാണ് നികുതി വകുപ്പ് അനുമതി നൽകി ഉത്തരവിറക്കിയത്.
കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലേക്ക് മദ്യം കയറ്റുമതി ചെയ്യുന്നത് അബ്കാരി നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്. കേന്ദ്രഭരണ പ്രദേശത്തേക്കു മദ്യം ഹോൾസെയിലായി കയറ്റി അയയ്ക്കാൻ കേന്ദ്ര അനുമതി ആവശ്യമാണ്. എന്നാൽ, ഇതു ലഭിച്ചിട്ടുണ്ടോയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇതിനായി അബ്കാരി നിയമത്തിലും ചട്ടത്തിലും ഭേദഗതി വേണ്ടിവരും. എന്നാൽ, ഭേദഗതിക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നിട്ടില്ല.
ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്പോർട്സ് എംഡിയുടെ ആവശ്യപ്രകാരമാണ് കേരളത്തിൽ നിന്ന് മദ്യം കയറ്റി അയയ്ക്കുന്നതെന്ന് നികുതി വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നേച്ചർ ടൂറിസം, സ്പോർട്സ് എംഡി മദ്യം കയറ്റി അയയ്ക്കാൻ എക്സൈസ് കമ്മീഷണറോട് അനുമതി തേടിയിരുന്നു.
ലക്ഷദ്വീപിലെ ബംഗാര ദ്വീപിലേക്ക് ഒരു തവണ ഹോൾസെയിലായി മദ്യക്കയറ്റുമതിക്കാണ് ഇപ്പോൾ അനുമതി നൽകിയത്. എന്നാൽ, എത്ര അളവിലെ മദ്യമാണ് കയറ്റി അയയ്ക്കേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല. അളവ് വ്യക്തമാക്കാതിരുന്നാൽ ഇതിന്റെ മറവിൽ എത്ര ലിറ്റർ മദ്യവും കയറ്റി അയയ്ക്കാനാകും.
ഒരു തവണ അനുവദിച്ചാൽ അതൊരു കീഴ്്വഴക്കമായി കണ്ട് തുടർന്നും കയറ്റുമതിക്ക് അനുമതി തേടാം. കൊച്ചി, ബേപ്പൂർ തുറമുഖങ്ങൾ വഴി ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയയ്ക്കണമെന്നാണു നിർദേശിക്കുന്നത്.