രാഹുലിനെയും കുഞ്ഞാലിക്കുട്ടിയെയും എഡിജിപി കണ്ടിട്ടുണ്ടെന്ന് സുരേന്ദ്രൻ
Monday, September 9, 2024 3:51 AM IST
കോഴിക്കോട്: എഡിജിപി അജിത്കുമാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അടുത്തയാളാണെന്നും രാഹുൽ ഗാന്ധിയെയും കുഞ്ഞാലിക്കുട്ടിയെയും എഡിജിപി കണ്ടിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുമായും അജിത്ത്കുമാറിനു ബന്ധമുണ്ട്. ഇക്കാര്യം ചർച്ച ചെയ്യണം.
എഡിജിപി ആർഎസ്എസ് സർകാര്യവാഹിനെ കണ്ടുവെന്നു പറയുന്നത് 2023ലാണ്. 2024 ഏപ്രിലിൽ നടന്ന പൂരം കലക്കാനാണോ അജിത്കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത്? സതീശന്റെ വാദങ്ങൾക്ക് ലോജിക്ക് ഇല്ല- കെ. സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി. സതീശനും രണ്ടു ശരീരമാണെങ്കിലും ഒരു മനസാണ്. പിണറായി വിജയന്റെ ഏജന്റാണ് വി.ഡി. സതീശൻ. കുഞ്ഞാലിക്കുട്ടിയെയും രാഹുൽ ഗാന്ധിയെയും എഡിജിപി കണ്ടതുപരസ്യമായിട്ടാണോയെന്ന് സതീശൻ വ്യക്തമാക്കണം. വി.ഡി. സതീശന്റെ പേരിലുള്ള പുനർജനി കേസ് അന്വേഷണം വേണ്ടെന്നുവച്ചത് ഇതേ എഡിജിപിയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.