കൃഷിഭൂമിയിൽനിന്ന് ഇറങ്ങേണ്ടിവരില്ല; കുടിയേറ്റകർഷകർക്കു കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഉറപ്പ്
Sunday, September 8, 2024 1:42 AM IST
ജിമ്മി ജോർജ്
പാലക്കാട്: കുടിയേറ്റകർഷകർക്കു തങ്ങളുടെ കൃഷിഭൂമിയിൽനിന്ന് ഇറങ്ങേണ്ട ഒരു സാഹചര്യവും ഉണ്ടാകില്ലെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പാലക്കാട് രൂപത സുവർണജൂബിലി ആഘോഷസമാപനപരിപാടിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കുടിയേറ്റകർഷകർ നിയമപരമായി ഭൂമി കൈവശംവച്ച് കൃഷിയിറക്കുന്നവരാണ്. കൂടുതൽ ഭക്ഷണം ഉണ്ടാക്കണം എന്നുപറഞ്ഞ് സർക്കാരുകൾ അവരെ കുടിയേറാൻ പ്രേരിപ്പിക്കുകയായിരുന്നു.
അവർ രാജ്യത്തിനുവേണ്ടി സേവനംചെയ്യുന്നവരാണ്. മനുഷ്യവാസമുള്ള ഒരു പ്രദേശത്തുനിന്നും ആരെയും ഇറക്കിവിടില്ല. മനുഷ്യരെ സംരക്ഷിക്കുക എന്നതാണ് കേന്ദ്രസർക്കാർ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ കുലീനമായ പാരന്പര്യം കാത്തുസൂക്ഷിക്കുന്ന രൂപതയാണ് പാലക്കാടെന്നു മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. വി.കെ. ശ്രീകണ്ഠൻ എംപി, മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ, മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്, മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ, മരിയൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വത്സ തെരേസ് സിഎച്ച്എഫ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സണ്ണി മാത്യു നെടുന്പുറം, ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, വികാരി ജനറാളും സുവർണജൂബിലി കണ്‍വീനറുമായ മോണ്‍. ജീജോ ചാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ജൂബിലിയോടനുബന്ധിച്ചു നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം ഹൊസൂർ ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ നിർവഹിച്ചു.
രൂപതാ ചരിത്രപുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനം രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് നിർവഹിച്ചു.
സുവനീർ പ്രകാശനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവരും പങ്കെടുത്തു.