സര്‍ക്കാര്‍ ആശുപത്രികളില്‍ ഷൂട്ടിംഗ് വേണ്ട: മനുഷ്യാവകാശ കമ്മീഷന്
Sunday, September 8, 2024 1:12 AM IST
എറണാകുളം: അത്യാഹിതവിഭാഗം പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുള്ള ആശുപത്രികളില്‍ സിനിമാ ഷൂട്ടിംഗ് പൂര്‍ണമായും ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നടന്ന ഫഹദ് ഫാസില്‍ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കമ്മീഷന് താക്കീത് നല്കി. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആശുപത്രി സൂപ്രണ്ടിനു നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ആശുപത്രി സൂപ്രണ്ട് കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജൂണ്‍ 27ന് ഷൂട്ടിംഗ് തിരക്കിനിടയിലും രോഗികള്‍ക്കു പരിചരണം നല്‍കിയതായി പറയുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളായ പൊതുജനങ്ങള്‍ ചികിത്സയ്ക്കെത്തുന്ന സ്ഥലമാണെന്നു കമ്മീഷന് ചൂണ്ടിക്കാട്ടി. അവിടെ സിനിമാ ഷൂട്ടിംഗിന് അനുവാദം നല്കിയതുതന്നെ ആതുരസേവകര്‍ എടുത്തിട്ടുള്ള പ്രതിജ്ഞയ്ക്ക് എതിരാണ്.
ജൂണ്‍ 27ന് വൈകുന്നേരം ആറിന് ഷൂട്ടിംഗ് സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്. അത്യാഹിതവിഭാഗത്തില്‍ ശബ്ദായമാനമായ അന്തരീക്ഷം ദൃശ്യമാധ്യമങ്ങളില്‍ കാണുകയുണ്ടായി. തിരക്കില്‍ ആവശ്യമായ പരിചരണം ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നല്‍കാനാകില്ല.
സിനിമാ ഷൂട്ടിംഗിന് സര്‍ക്കാര്‍ ആശുപത്രി തെരഞ്ഞെടുത്തതിലും ഔചിത്യമില്ലായ്മയുണ്ട്. ആതുരസേവകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.