ആര്‍എസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് അജിത്കുമാറെന്ന് ചെന്നിത്തല
Sunday, September 8, 2024 1:12 AM IST
കൊച്ചി: ആര്‍എസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എഡിജിപി എം.ആര്. അജിത്കുമാറെന്ന് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ അറിവോടെയാണു കൂടിക്കാഴ്ച. ഈ ബന്ധം പുറത്താകുമെന്നതിനാലാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും ബിജെപിയുമായുള്ള സിപിഎം ബന്ധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് തുടങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഈ രഹസ്യധാരണയാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യും. ബിജെപിയെ സഹായിക്കാന്‍ പിണറായി വിജയനും എന്തും ചെയ്യും. മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി. ശശിയാണ് മുഖ്യമന്ത്രിയുടെ റോള്‍ വഹിക്കുന്നതെന്ന് പറയുന്നത് ഇടത് എംഎല്‍എമാരാണ്.
തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടാന്‍ ചെന്നിത്തല സര്‍ക്കാരിനെ വെല്ലുവിളിച്ചു.
തിരക്കഥയുണ്ടാക്കി പൂരം കലക്കുകയായിരുന്നു. ഇതിന്റെ ഗുണഭോക്താവ് എന്നനിലയില്‍ സുരേഷ് ഗോപിയും മറുപടി പറയണം. ബിജെപിയുമായുള്ള സിപിഎം ബന്ധം ഓരോ ദിവസവും മറ നീക്കി പുറത്തുവരികയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.