എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യ; എസ്പി സുജിത്ദാസിനെതിരേ പുതിയ വെളിപ്പെടുത്തൽ
Friday, September 6, 2024 1:51 AM IST
മലപ്പുറം: എടവണ്ണയിൽ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരേ വെളിപ്പെടുത്തലുമായി സുഹൃത്ത് എടവണ്ണ സ്വദേശി നാസർ.
മരിക്കുന്നതിനു തലേദിവസം പോലീസ് സേനയിൽനിന്നു നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാർ തന്നോടു പറഞ്ഞിരുന്നുവെന്നു നാസർ വെളിപ്പെടുത്തി. ശ്രീകുമാർ 2021 ജൂൺ 10നാണ് ആത്മഹത്യ ചെയ്തത്.
"പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്നു ശ്രീകുമാർ പറഞ്ഞിരുന്നു. അതു ചെയ്യാതെ വന്നപ്പോൾ ഇടയ്ക്കിടെ സ്ഥലംമാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചു.
എസ്പി സുജിത്ദാസാണ് ബുദ്ധിമുട്ടിച്ചതെന്നു ശ്രീകുമാർ തന്നോടു പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ ബുക്കിൽനിന്നു ചില കടലാസുകൾ പോലീസ് കീറിക്കൊണ്ടുപോയി. ആത്മഹത്യാക്കുറിപ്പാണു കീറിക്കൊണ്ടുപോയതെന്നു കരുതുന്നു.- നാസർ പറഞ്ഞു.