കൃഷി വകുപ്പിന്റെ ‘കതിർ’ആപ്പ് ചിങ്ങം ഒന്നുമുതൽ
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം : കൃഷി ഭവനുകളെ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തയാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) ആപ്പ് ചിങ്ങം ഒന്നുമുതൽ പ്രവർത്തന സജ്ജമാകുമെന്നു കൃഷി മന്ത്രി പി. പ്രസാദ്.
കർഷക അവാർഡ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചിങ്ങം ഒന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സോഫ്റ്റ്വേർ ഉദ്ഘാടനം ചെയ്യും.
കതിരിന്റെ മൊബൈൽ ആപ്പും മുഖ്യമന്ത്രി അന്ന് പുറത്തിറക്കും. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണ് കതിർ.
കർഷകർക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കുവാനും കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കൃഷിയിടത്തിൽ ചിലവഴിക്കുവാനും ഈ സോഫ്റ്റ്വേർ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.