അമല ഫൗണ്ടേഴ്സ് ഡേ ഹെൽത്ത് കെയർ അവാർഡ്
Thursday, August 15, 2024 1:25 AM IST
തൃശൂർ: അമലയുടെ സ്ഥാപകരായ പദ്മഭൂഷണ്‍ ഫാ.ഗബ്രിയേൽ, ഫാ.ജോർജ് പയസ്, ബ്രദർ സേവ്യർ മാളിയേക്കൽ എന്നിവരുടെ അനുസ്മരണാർഥം ഏർപ്പെടുത്തിയ ഹെൽത്ത് കെയർ അവാർഡുകൾ തൃശൂരിൽ പ്രഖ്യാപിച്ചു.
പദ്മഭൂഷണ്‍ ഫാ. ഗബ്രിയേലിന്റെ പേരിൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല ഡോക്ടർമാർക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർഡിനു തമിഴ്നാട്ടിലെ ധർമപുരി ജില്ലയിൽ ആദിവാസിമേഖലയിൽ സേവനം ചെയ്യുന്ന ഡോക്ടർദന്പതിമാരായ ഡോ. റെജി ജോർജും ഡോ. ലളിത റെജിയും അർഹരായി.
ഫാ. ജോർജ് പയസിന്റെ പേരിൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല നഴ്സിനുള്ള 50,000 രൂപയുടെ അവാർഡ് ചണ്ഡിഗഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷനിലെ ഡോ. മജ്ജു ദണ്ഡപാണിക്കു നൽകും.
ബ്രദർ സേവ്യർ മാളിയേക്കലിന്റെ പേരിൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല പാരാമെഡിക്കൽ സ്റ്റാഫിനുള്ള 50,000 രൂപയുടെ അവാർഡ് എക്സ്റേ വിഭാഗത്തിൽ 40 വർഷം പല സ്ഥലങ്ങളിലായി സേവനമനുഷ്ഠിച്ച സിസ്റ്റർ ലിസാന്റോയ്ക്കും സമ്മാനിക്കും.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഫൗണ്ടേഴ്സ് ഡേയുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം 4.30ന് അമല ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
ചടങ്ങിന്റെ ഭാഗമായി രക്താർബുദം ബാധിച്ച 50 നിർധനരായ 18 വയസിനുതാഴെയുള്ള കുട്ടികൾക്കു2028 വരെയുള്ള കാലയളവിൽ അമല ബിഎംടി സെന്ററിൽനിന്നും സൗജന്യമായി ബോണ്‍ മാരോ ട്രാൻസ്പ്ലാന്റേഷൻ ചെയ്തുനൽകും. ഇതിനായി അഭ്യുദയകാംക്ഷികൾ അമല അലുമ്നി അസോസിയേഷൻ എന്നിവവഴി അഞ്ചുകോടി രൂപ സമാഹരിക്കും.
പത്രസമ്മേളനത്തിൽ അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ചീഫ് ഫിനാൻസ് ഓഫീസർ ടി.പി. ഷാബു, എച്ച്ആർ മാനേജർ അഡ്വ. പിൽജോ വർഗീസ്, പിആർഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.