ഉരുൾപൊട്ടൽ: വിദഗ്ധസംഘം പരിശോധന തുടങ്ങി
Wednesday, August 14, 2024 1:50 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഉരുൾപൊട്ടൽ ദുരന്ത മേഖലകളിൽ പരിശോധന ആരംഭിച്ചു.
ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോണ് മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ആരംഭിച്ച പരിശോധന പ്രതികൂല കാലവസ്ഥയായതിനാൽ ഉച്ചയ്ക്കുശേഷം അവസാനിപ്പിച്ചു. ഇന്നു രാവിലെ പുനരാരംഭിക്കുന്ന പരിശോധന നാളെയും തുടരും.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാംപിൾ ശേഖരിച്ചു.
സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രഫ.ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ, കേരള ദുരന്ത നിവാരണ അഥോറിറ്റി ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവർ സംഘാംഗങ്ങളാണ്.