ഡിസിഎൽ ബാലരംഗം
Thursday, August 8, 2024 1:23 AM IST
കൊച്ചേട്ടന്റെ കത്ത്
കേരളം - മുണ്ടക്കൈയിൽനിന്നും തുകലശ്ശേരി വരെ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലനാമങ്ങൾ കേരളം കണ്ണീരുകൊണ്ടെഴുതുന്ന നാളുകളാണിത്. അശനിപാതംപോലെ വയനാടൻ ജനതയ്ക്കുമേൽ പതിച്ച പ്രകൃതി ദുരന്തത്തിന്റെ ആഘാതം മലയാളികളുടെ മാത്രമല്ല, മനുഷ്യത്വമുള്ള സർവ്വ മനുഷ്യരുടേയും ചങ്കുതകർക്കുന്ന ദുഃഖസത്യവുമാണ്. എന്നാൽ, മുണ്ടക്കൈയിൽനിന്നും തുകലശ്ശേരിവരെ എന്ന ശീർഷകത്തിന്റെ അർത്ഥമെന്താണ്?
കേരളം പുറകോട്ടു നടക്കേണ്ട ദൂരമാണ് മുണ്ടക്കൈ മുതൽ തുകലശ്ശേരിവരെ. രണ്ടും ദുരന്തങ്ങൾ നടന്ന ഇടങ്ങളാണ്. മുണ്ടക്കൈയിലെ പ്രകൃതിദുരന്തം ഭൗമിക വ്യവസ്ഥിതിയുടെ ദുരവസ്ഥ എന്നു പറയാം. എന്നാൽ, തിരുവല്ലയടുത്ത് തുകലശ്ശേരിയിലെ ദുരന്തമോ? അതു മനുഷ്യൻ ബോധപൂർവം തെരഞ്ഞെടുത്ത ദുരന്തമാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടി ഒരു നാട് അപ്രത്യക്ഷമാകുന്നതിനും നാലു ദിവസം മുന്പ് തുകലശേരിയിലെ ഒരു കുടുംബം അപ്രത്യക്ഷമായി. ജൂലൈ 26-നാണ്, പത്തനംതിട്ട നഗരത്തിനടുത്ത്, ഒരു വയലിനു സമീപമുള്ള വഴിയിൽ ഒരു അച്ഛനും അമ്മയും കാറിനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്!
ഓ, അത് വയനാടുദുരന്തവുമായി താരതമ്യം ചെയ്യാൻ മാത്രം ഉണ്ടോ എന്നു കൂട്ടുകാർക്കു തോന്നാം. ഉണ്ട് എന്നതാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട് എന്നു പറയാം.
വയനാട്ടിൽ മേഘവിസ്ഫോടനത്തിന്റെ നിലയ്ക്കാതിറങ്ങിയ വെള്ളത്തിൽ കുതിർന്ന ഒരുദേശം മുഴുവൻ ഉരുളുപൊട്ടിയൊഴുകിപ്പോയി! നിസ്സഹായരായ നമ്മുടെ നൂറുകണക്കിനു സഹോദരങ്ങൾക്ക് ജീവഹാനി നേരിട്ടു! നാമെല്ലാം അതിൽ ദുഃഖിക്കുന്നു. സർക്കാരിനോടൊപ്പം ദുരിതബാധിതരായ സഹോദരങ്ങളുടെ അതിജീവനത്തിനു സഹായിക്കുന്നു. നമുക്കിനി അതേ പറ്റൂ.
എന്നാൽ, പത്തനംതിട്ടയിൽ കാറിൽ ജീവനൊടുക്കേണ്ടിവന്ന ആ മാതാപിതാക്കളുടെ ദുരന്തമോ? അത് അവരുടെ പ്രിയ മകന് ദുഷിച്ച കൂട്ടുകെട്ടിൽപ്പെട്ട്, മയക്കുമരുന്നിന്റെ അടിമയായിപ്പോയതിലുള്ള മനോവിഷമത്താലുണ്ടായതാണ്.
ദീർഘകാലം വിദേശത്തു ജോലിചെയ്തു നേടിയ സന്പാദ്യം മക്കൾക്കു നൽകി, ശിഷ്ടകാലം അവരോടൊത്തു സമാധാനമായി ജീവിക്കാൻ വന്നതാണവർ! മാതാപിതാക്കളുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും വിലകൊണ്ട്, ഉണ്ടുറങ്ങി സുഖമായി വളരുന്ന മക്കൾ, സ്വയം ദുരന്തം തെരഞ്ഞെടുത്താലോ! പാവം മാതാപിതാക്കളുടെ സ്വപ്നങ്ങൾ പൊട്ടിത്തകരില്ലേ? അവർ ഇന്നോളം കഷ്ടപ്പെട്ടതെല്ലാം വെറുതെയായെന്നു തോന്നില്ലേ!
മുണ്ടക്കൈയിലും ചൂരൽമലയിലുംപെട്ട ദുരിതബാധിതർക്ക് പുനരധിവാസത്തിനായി സന്പന്നരും ദരിദ്രരും സന്നദ്ധസേവന സമൂഹങ്ങളുമെല്ലാം കൈകോർത്തുതുടങ്ങി. എന്നാൽ, മുക്കിനും മൂലയിലും കള്ളുഷാപ്പുകളും ബാറുകളും തുടങ്ങാൻ അനുവദിച്ച് ഒരു ജനതയെ മുഴുവൻ ദുഃശ്ശീലം അഭ്യസിപ്പിച്ച്, കേരളത്തിന്റെ ഭാവി വിറ്റ് ഇന്നു സുഖിച്ചുവാഴുന്ന ഭരണകൂടവും കള്ള് - മയക്കുമരുന്നു വ്യവസായത്തിലൂടെ തടിച്ചുകൊഴുക്കുന്ന കുത്തക മുതലാളിമാരും കേരള യുവതയുടെ ചേതനയിൽ തീകോരിയിടുന്ന ഈ നിർമ്മിത ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടാൻ നമ്മൾ കൈകോർക്കേണ്ടേ?
ലഹരിയുടെ അടിമത്തം ഒരു ജനതയുടെ സമസ്ത നന്മകളേയും നിഷ്കരുണം വിസ്മൃതിയിലാഴ്ത്തുകയാണ്. കാട്ടുപോത്തിനുപോലും മനസിലാകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പുകൾ എന്നാണിനി നമ്മൾ മനസിലാക്കുക?
പ്രാർത്ഥനയോടെ
സ്വന്തം കൊച്ചേട്ടൻ
കളർ ഇന്ത്യ - സാഹോദര്യത്തിന്റെ ഉത്സവം...
ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും ചേർന്നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു 2024 ഓഗസ്റ്റ് 12-നു സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന ചിത്രരചനാമത്സരമായ കളർ ഇന്ത്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
പങ്കാളിത്തത്തിന്റെ ധാരാളിത്തം ഇത്തവണത്തെ കളർ ഇന്ത്യ ചിത്രരചനാമത്സരത്തെ ഇന്നോളം നടന്നതിലെ ഏറ്റവും വലിയ മത്സരമാക്കി മാറ്റും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. പങ്കെടുക്കുന്ന എല്ലാ കൂട്ടുകാർക്കും സഹക രിക്കുന്ന എല്ലാ അധ്യാപകർക്കും സഹപ്രവർ ത്തകർക്കും ഡിസിഎൽ കുടുംബത്തിന്റെ ആശംസകളും ഭാവുകങ്ങളും.
ഉദാത്തമായ ലക്ഷ്യം
അയ്യായിരത്തിലധികം സ്കൂളുകളിൽ പ്രഥമാധ്യാപകരുടെയും നൂറുകണക്കിന് അധ്യാപകരുടെയും ഡിസിഎല്ലിന്റെയും ദീപികയുടെയും സഹപ്രവർത്തകരുടെയും ഏതാനും മാസങ്ങളിലെ സുഘടിതമായ പരിശ്രമമാണ് ഇവിടെ പൂവണിയുന്നത്.
അഞ്ചു ലക്ഷത്തിലധികം വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഇന്ത്യയുടെ നിറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും നിറക്കൂട്ടാണ് എന്ന സന്ദേശം കളർ ഇന്ത്യയിലൂടെ ഡിസിഎൽ നല്കുകയാണ്.
"കളർ ഇന്ത്യയുടെ പ്രസക്തി'
മതേതര ഇന്ത്യയുടെ മുഖം തീവ്രവാദവും രാഷ്ട്രീയ പക്ഷപാ തവും പ്രാദേശിക വാദങ്ങളും കൊണ്ടു വരയ്ക്കുവാൻ തത്രപ്പെടുന്ന ഈ കാലഘട്ടത്തിൽ മലയാളി മക്കൾ ഇന്നോളമുള്ള കേരളത്തിന്റെ മഹത്തായ സൗഹാർദസന്ദേശംകൊണ്ട്, അക്രമത്തിന്റെയും വർഗവൈരത്തിന്റെയും പ്രാദേശിക വാദത്തിന്റെയും കറകൾ കഴുകിക്കളയുവാൻ കൈകോർക്കുന്നു എന്നതാണ് കളർ ഇന്ത്യയുടെ പ്രസക്തി.
ഈ സ്വപ്നപദ്ധതിയോടു സഹകരിക്കുന്ന എല്ലാ വിദ്യാലയങ്ങളും കളർ ഇന്ത്യയിലൂടെ ദീപിക ബാലസഖ്യത്തിന്റെ വിശ്വമാനവിക ദർശനമായ "നാം ഒരു കുടുംബം' എന്ന സന്ദേശം വിദ്യാർഥികളുടെ മനസിൽ ശിലാലിഖി തമാക്കുകയാണ്. ആയിരക്കണക്കിനുസ്കൂൾ മാനേജുമെന്റ ു കൾ അവരുടെ ക്ലാസ്മുറികളിലൂടെ ഇന്ന് ഇന്ത്യയ്ക്കുവേണ്ടത് ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖമാണ് എന്ന് ലക്ഷക്കണക്കിനു വിദ്യാർഥികളോട് ആഹ്വാനം ചെയ്യുകയാണ്.
ഒരേയൊരിന്ത്യ, ഒരൊറ്റ ജനത
72 വർഷങ്ങളായി ദീപിക ബാലസഖ്യത്തിലൂടെ ഈ മുദ്രാവാക്യം ഏറ്റുപാടി വളർന്ന വിദ്യാർഥി ലക്ഷങ്ങൾ ഇന്ന് ലോകം മുഴുവനും ഭാരതഭൂമിയുടെ അഭിമാനമായി വിരാജിക്കുന്നുണ്ട്. ഇന്ത്യയുടെ ഐക്യം എന്നത് വിദ്യാർഥികളുടെ ഐക്യമാണ് എന്ന് ഡിസിഎൽ വിദ്യാർഥികളെ ഉദ്ബോധിപ്പിക്കുകയാണ്.
ജാതി-മത-വർഗ-വർണ-ദേശ-രാഷ്ട്രീയ ഭേദമില്ലാതെ ഭാരതത്തിലെ എല്ലാ വിദ്യാർഥികളും ഭാരതം എന്റെ രാജ്യമാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരങ്ങളാണ് എന്ന് നെഞ്ചിൽ തൊട്ട് പ്രതിജ്ഞയെടുക്കുന്ന പ്രത്യാശയുടെ പുലരിയിലേക്കാണ് 137 വർഷമായി രാഷ്ട്രനിർമിതിയിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും വിദ്യാർഥികളെ നയിക്കുന്നത്; "കളർ ഇന്ത്യ'യിലൂടെ!!
മത്സരംവേണ്ട, ഉത്സവം മതി...
ഏറ്റവും പ്രിയപ്പെട്ട ഡിസിഎൽ കൂട്ടുകാരോട്... കളർ ഇന്ത്യ കൂട്ടുകാരുടെ രാഷ്ട്രസ്നേഹത്തിന്റെ ഭാവനകൾ വിടരുന്ന അസുലഭമായ അവസരമാണ്. ഇന്ത്യ എന്ന മഹത്തായ വികാരം അതിന്റെ വിശുദ്ധമായ മൂല്യങ്ങളിലാണ് അടിത്തറ പാകിയിരിക്കുന്നത്.
ലോകം ആദരിക്കുന്ന മഹിതമൂല്യങ്ങളുടെ മഹാസാകേതമായ ഇന്ത്യൻ ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു വർത്തമാനകാല ഭാരതം - അതാണു നമ്മുടെ സ്വപ്നം. ആ സ്വപ്നത്തിനാണ് കൂട്ടുകാർ നിറംകൊടുക്കുന്നത്. അതുകൊണ്ട്, കളർ ഇന്ത്യ എന്നത് ഒരു മത്സരം മാത്രമായി കൂട്ടുകാർ കാണരുത്. കളർ ഇന്ത്യ ഉത്സവമാണ്. സാഹോദര്യത്തി ന്റെ ഉത്സവം.
ഇന്ത്യയുടെ ഇന്നോളമുള്ള മഹാദർശനങ്ങളുടെയും ആർഷപൈതൃകത്തിന്റെയും മതസൗഹാർദത്തിന്റെയും ശാസ്ത്രസാങ്കേതിക വികാസപരിണാമങ്ങളുടെയും വിജയപതാകകൾ പാറിനിൽക്കുന്ന ഉത്സവം. എല്ലാ കൂട്ടുകാരെയും ഡിസിഎൽ - ദീപിക കളർ ഇന്ത്യയിലൂടെ വർത്തമാനകാല ഭാരതത്തിനു വർണം ചാർത്താൻ ഹൃദയപൂർവം ക്ഷണിക്കുന്നു.