മാസപ്പടി കേസ്: വാദം പൂര്‍ത്തിയായി
Thursday, August 8, 2024 1:23 AM IST
കൊച്ചി: മുഖ്യമന്ത്രിയും മകളുമുള്പ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.
മാത്യു കുഴല്നാടൻ എംഎല്‍എയും കളമശേരി സ്വദേശി ഗിരീഷ് ബാബുവും നല്കിയ റിവിഷന്‍ ഹര്‍ജികളിലാണു വാദം പൂര്‍ത്തിയായത്. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കെ.ബാബു വിധി പറയാനായി മാറ്റി.
സിഎംആര്‍എല്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹര്‍ജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരേയാണ് മാത്യു കുഴല്നാടന് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു വ്യക്തമാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതു നിയമവിരുദ്ധമാണെന്നാരോപിച്ചാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്.
സിഎംആര്‍എല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് ഗിരീഷ് ബാബു നല്കിയ ഹര്‍ജിയും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണു തള്ളിയത്. കേസിനിടെ ഗിരീഷ് ബാബു മരിച്ചതിനാല്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വാദം പൂര്‍ത്തിയാക്കിയത്.