പട്ടയഭൂമിയിൽ ക്വാറി, ക്രഷർ വ്യവസായം: ഉത്തരവ് റദ്ദാക്കി
Thursday, July 25, 2024 2:26 AM IST
തിരുവനന്തപുരം: പട്ടയഭൂമിയിൽ ക്വാറി, ക്രഷർ വ്യവസായങ്ങൾ തുടങ്ങുന്നതിന് ഒൻപതു വർഷം മുൻപ് മന്ത്രിസഭ നൽകിയ അനുമതി ഉത്തരവ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കി.
പട്ടയഭൂമിയിൽ ക്വാറി, ക്രഷർ യൂണിറ്റ് ആരംഭിക്കാൻ അനുമതി നൽകാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി 2015 നവംബറിൽ ചേർന്ന അന്നത്തെ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു.
പട്ടയഭൂമിയുമായി ബന്ധപ്പെട്ടു ചില ഇളവുകളും നിബന്ധനകളും പിന്നീട് കൊണ്ടുവന്നെങ്കിലും ഇവിടെ പാറപൊട്ടിക്കലും ക്രഷർ യൂണിറ്റുകളും അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അടുത്തിടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാറ പൊട്ടിക്കാനും ക്രഷർ യൂണിറ്റ് തുടങ്ങാനും അനുമതി തേടി സ്വകാര്യവ്യക്തി അപേക്ഷ നൽകി.
ഇതേത്തുടർന്ന് റവന്യു ഈ ഉത്തരവ് പരിശോധിച്ചപ്പോഴാണു മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ഇറക്കിയതെന്നും മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ റദ്ദാക്കാൻ കഴിയുകയുള്ളുവെന്നും വ്യക്തമായത്. കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും കണ്ടെത്തി.
ഇതേത്തുടർന്ന് മന്ത്രി കെ. രാജൻ ഇതു സംബന്ധിച്ച ഫയൽ മന്ത്രിസഭയിൽ കൊണ്ടുവന്നു 2015 ലെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.