സ്വർണം പിടികൂടി
Thursday, July 25, 2024 1:44 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 88 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായിൽനിന്നു സ്പൈസ് ജെറ്റ് വിമാനത്തിൽ വന്ന തൃശൂർ സ്വദേശി അനൂപ് എന്ന യാത്രക്കാരനിൽനിന്നാണു സ്വർണം പിടിച്ചത്.
മിശ്രിതരൂപത്തിലാക്കിയ 1231.89 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 116.64 ഗ്രാം തൂക്കമുള്ള മാല കഴുത്തിലിട്ടാണ് കൊണ്ടുവന്നത്.
ഗ്രീൻ ചാനലിലൂടെ പുറത്തേക്കു പോകാൻ ശ്രമിച്ച യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണു സ്വർണം കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിലെടുത്തു. ഇന്ത്യൻ കസ്റ്റംസ് ആക്ട് അനുസരിച്ച് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.