അന്നു തൊലിനിറത്തിന്റെ പേരില്‍ പരിഹാസം, ഇന്നു യൂത്ത് ഓസ്കറിന്റെ കാമറ വുമണ്‍
Thursday, July 25, 2024 1:44 AM IST
ഷൈബിന് ജോസഫ്
കാസര്‍ഗോഡ്: ഡല്‍ഹിയില്‍ പഠിക്കുമ്പോള്‍ ഇരുണ്ട തൊലിനിറത്തിന്റെ പേരിൽ സഹപാഠികളില്‍നിന്ന് അടിയും പരിഹാസവും ഒറ്റപ്പെടലുമെല്ലാം ഏറ്റുവാങ്ങേണ്ടിവന്ന ഒന്നാംക്ലാസ് വിദ്യാര്‍ഥിനി.
കണക്ക് കീറാമുട്ടിയായ, സയന്‍സിനോടു താത്പര്യമില്ലാത്ത ആ പെണ്‍കുട്ടിക്ക് എഴുത്തും സിനിമയുമായിരുന്നു ഏറെ പ്രിയങ്കരം. പിന്നീട് ഇന്ത്യന്‍ കുട്ടികള്‍ നിറത്തിന്റെ പേരില്‍ അനുഭവിക്കുന്ന വിവേചനം തുറന്നുകാട്ടുന്ന ‘അഗ്ലി’ എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹ്രസ്വചിത്രം സ്വന്തം ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത ഒരേട് തന്നെയായിരുന്നു.
അവള് ഇന്നു യുഎസിലെ പ്രശസ്തമായ ഹോളിന്‍സ് യൂണിവേഴ്സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിംഗ് ആന്‍ഡ് ഫിലിം സ്റ്റഡീസില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മാത്രമല്ല , ലോസ് ആഞ്ചലസില്‍ നടന്ന പ്രശസ്തമായ യൂത്ത് ഓസ്കര് ചടങ്ങിന്റെ കാമറ വുമണും ഈ ഇരുപതുകാരിയായിരുന്നു. ഒരുപക്ഷേ ഇങ്ങനെയൊരു അവസരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ വിദേശിയും ഈ പെണ്‍കുട്ടിയായിരിക്കും.
ഇതു തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി പുലരി ബീന ഗില്‍ബര്‍ട്ട്. തിരുവനന്തപുരം ഗുഡ്ഷെപ്പേര്‍ഡ് സ്കൂളില്‍നിന്നു പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ പുലരിയുടെ സ്വപ്നം വിദേശത്ത് ഡിഗ്രി പഠനമായിരുന്നു.
ആഗ്രഹം മാതാപിതാക്കളായ കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസി. പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനോടും തിരുവനന്തപുരം സിഡിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ പി.എല്‍. ബീനയോടും പറഞ്ഞപ്പോള്‍ അതിനു പണം എവിടെയെന്നു ചിരിച്ചുകൊണ്ട് ചോദിച്ചു.
എന്നാല്‍, ദാരിദ്ര്യത്തോടു പടവെട്ടി ഡല്‍ഹി ജെഎന്‍യുവില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ മാതാപിതാക്കളുടെ ജീവിതം പുലരിക്കു നന്നായി അറിയാമായിരുന്നു. കോമണ്‍ ആപ്പ് എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി അമേരിക്കയിലെ 20 സര്‍വകലാശാലകളിലേക്ക് അപേക്ഷ അയച്ചു. അവര്‍ ആവശ്യപ്പെട്ടപ്രകാരം തന്നെക്കുറിച്ചും ഇഷ്ടപ്പെട്ട ഒരു വിഷയത്തെക്കുറിച്ചും പ്രബന്ധം തയാറാക്കി നല്കി.
ഒടുവില്‍ വിര്‍ജിനിയയിലെ ഹോളിന്‍സ് യൂണിവേഴ്സിറ്റിയില്‍നിന്നു വിളിയെത്തി. ബുക്കര്‍ പ്രൈസ് ജേതാവ് കിരണ്‍ ദേശായി അടക്കം നിരവധി പ്രഗല്ഭര് പഠിച്ച യൂണിവേഴ്സിറ്റിയാണിത്. ഇവിടത്തെ നാലുവര്‍ഷ ഡിഗ്രി കോഴ്സിന് ഒരു കോടിയിലേറെ രൂപ ചെലവു വരും.
ഒരു സ്വപ്നവും അതു നേടിയെടുക്കാനുള്ള നിതാന്ത പരിശ്രമവുമുണ്ടെങ്കില്‍ ആഗ്രഹിക്കുന്ന സ്ഥാനത്ത് നിങ്ങള്‍ എത്തിയിരിക്കുമെന്നു പറഞ്ഞതുപോലെ, അഡ്മിഷനൊപ്പം 1.19 കോടി രൂപ സ്കോളര്‍ഷിപ്പും പുലരിയെ തേടിയെത്തി.
പഠനകാലത്തു ചെയ്ത ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹോളിവുഡ് കാലാവസ്ഥാ ഉച്ചകോടിയില്‍ ക്ഷണം ലഭിച്ചു. ഇവിടെവച്ച് സംവിധായികയും ഫാഷന്‍ ഡിസൈനറുമായ ക്ലമന്റിന മാര്‍ട്ടിനസ് മസാര്വെയെ പരിചയപ്പെട്ടത് വഴിത്തിരിവായി.
പുലരിയുടെ ഹ്രസ്വചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട ക്ലമന്റിന മൂന്നുദിവസത്തെ യംഗ് ഓസ്കര് ചിത്രീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ചടങ്ങില്‍ പുലരിക്ക് ധരിക്കാനുള്ള വസ്ത്രവും ക്ലമന്റിനയാണു ഡിസൈന്‍ ചെയ്തത്.